പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു; ബസ് പൂര്‍ണമായി കത്തി നശിച്ചു

 

പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം. ബസ് പൂർണമായും കത്തി നശിച്ചു. ​ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ആർക്കും പരിക്കൊന്നുമില്ല.  രാവിലെ അഞ്ചേകാലോടെ അട്ടത്തോട് ഭാ​ഗത്താണ് അപകടമുണ്ടായത്. തീർത്ഥാടകരെ കൊണ്ടുവരുന്നതിനായി പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് രാവിലെ പോകുകയായിരുന്നു ബസ്. അട്ടത്തോട് ഭാ​ഗത്ത് വന്നപ്പോഴാണ് ബസിന്റെ മുൻഭാ​ഗത്ത് നിന്ന് തീ  ഉയരുന്നതായി കണ്ടത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം. 

അപകടമുണ്ടായ സമയത്ത് ബസിന് പിന്നാലെ മറ്റ് വാഹനങ്ങളും വരുന്നുണ്ടായിരുന്നു. പ്രദേശത്ത് മൊബൈൽ റേഞ്ചിന് പ്രശ്നമുണ്ടായിരുന്നതിനാൽ ഫയർ ഫോഴ്സിനെ വിളിക്കാൻ ബുദ്ധിമുട്ട് നേരിട്ടതായി ജീവനക്കാർ വ്യക്തമാക്കി. ഫയർ ഫോഴ്സ് എത്തിയപ്പോഴേക്കും ബസ് പൂർണമായും കത്തിനശിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.