അധ്യാപക ദിനത്തിൽ  കെടി ജലീൽ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് വിമർശനം; 'രക്തസാക്ഷികളുടെ രക്തത്തിന്‍റെ വിശുദ്ധി താഴ്ത്തികെട്ടി'

 

അധ്യാപകർക്ക് ആശംസയർപ്പിച്ച്  കെടി ജലീൽ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് വിമർശനം; അധ്യാപകരുടെ വിശുദ്ധി പറയാൻ രക്തസാക്ഷികളുടെ രക്തത്തിന്‍റെ വിശുദ്ധി താഴ്ത്തികെട്ടി 

അധ്യാപകർക്ക് ആശംസയർപ്പിച്ച്  സിപിഎം നേതാവ് കെടി ജലീൽ എംഎൽഎ ഫേസ്ബുക്കിലിട്ട പോസ്റ്റിന് വിമർശനവുമായി ഇടത് അണികൾ. 'രക്തസാക്ഷിയുടെ രക്തത്തേക്കാൾ വിശുദ്ധിയുണ്ട് പണ്ഡിതനായ ഗുരുവിന്‍റെ മഷിക്ക്' എന്ന കെടി ജലീലിന്‍റെ പ്രയോഗം രക്തസാക്ഷികളെ അപമാനിക്കുന്നതും വിലകുറച്ച് കാണുന്നതുമാണെന്നുമാണ് വിമർശനം. അധ്യാപകരുടെ വിശുദ്ധി പറയാൻ രക്തസാക്ഷികളുടെ രക്തത്തിന്‍റെ വിശുദ്ധി താഴ്ത്തിക്കേട്ടേണ്ടെന്നാണ് ഇടത് അണികളുടെ വിമർശനം.

മഹാത്മാ ഗാന്ധി രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച മഹാത്മാവ് ആണ് അവരുടെ രക്തത്തിന്റെ വിശുദ്ദിയും കുറഞ്ഞോ മഷിയുടെ മുൻപിൽ. വഴി മാറി നടക്കാൻ ആർക്കും അവകാശം ഉണ്ട് അതിനു ഒളിയമ്പുകൾ നല്ലതല്ലെന്നാണ് ഒരാളുടെ കമന്‍റ്.  പാർട്ടിക്ക് വേണ്ടി ജീവൻ നൽകിയ രക്തസാക്ഷികളെ അപമാനിക്കുന്നതിന് തുല്യമാണ് ഈ പോസ്റ്റ്‌ പാർട്ടിയെ അപകീർത്തി പെടുത്തി വ്യക്തിത്വത്തെ ഉയർത്തികാട്ടാനുള്ള ശ്രമമെന്നും വിമർശനമുയർന്നു. എന്നാൽ അറിവു നേടുന്നതിൻ്റെ പ്രാധാന്യം സൂചിപ്പിക്കുന്ന ഒരാലങ്കാരിക പ്രയോഗമാണതെന്നും വിജ്ഞാനത്തിൻ്റെ പ്രാധാന്യം സമൂഹത്തെ ബോദ്ധ്യപ്പെടുത്താൻ മുഹമ്മദ് നബി പറഞ്ഞ ഒരു വചനമാണ് താൻ ഉദ്ധരിച്ചതെന്നും  രക്തസാക്ഷികൾ സ്വർഗ്ഗത്തിലാണെന്ന് പറഞ്ഞ അതേ മുഹമ്മദ് നബിയാണ് ഈ വചനവും പറഞ്ഞത് എന്ന കാര്യം പ്രത്യേകം ഓർക്കണമെന്നുമാണ് വിമർശനത്തിന് ജലീലിന്‍റെ മറുപടി.

കെടി ജലീലിന്‍റെ പോസ്റ്റ്

ഗുരുവര്യൻമാരെ, അനുഗ്രഹിച്ചാലും, ഗുരുവര്യൻമാർ നമ്മുടെ വഴികാട്ടികളാണ്. ഒരു ദുരനുഭവവും എനിക്കെൻ്റെ അദ്ധ്യാപകരിൽ നിന്ന് ഉണ്ടായിട്ടില്ല. എപ്പോഴും അവർ നോക്കിയത് എന്‍റെ ഹൃദയത്തിലേക്കാണ്. അതുകൊണ്ടുതന്നെ അവരെനിക്ക് പറഞ്ഞുതന്നതും ചൊല്ലിത്തന്നതും ഹൃദയഭിത്തിയിൽ ഞാൻ കൊത്തിവെച്ചു. അദ്ധ്യാപകരുടെ ഇഷ്ടവിദ്യാർത്ഥികളുടെ പട്ടികയിൽ ഇടം നേടാൻ കിട്ടിയ അവസരം മഹാഭാഗ്യമായാണ് അന്നും ഇന്നും കരുതുന്നത്.