വയനാട്ടിലെ ഉരുൾപൊട്ടൽ; രക്ഷാപ്രവര്‍ത്തനത്തിന് 330 അടി ഉയരത്തിൽ താൽക്കാലിക പാലം നിർമ്മിക്കും, ദുരന്തത്തിൽ മരണം 73 ആയി 

 

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവര്‍ത്തനത്തിന് 330 അടി ഉയരത്തിലുള്ള താത്കാലിക പാലം നിര്‍മിക്കാന്‍ സൈന്യം. ചെറുപാലങ്ങൾ കൂടി എയർലിഫ്റ്റ് ചെയ്ത് വയനാട്ടിലേക്ക് എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. കോഴിക്കോട് സൈനിക ക്യാമ്പിൽ ഒരു ബ്രിഗേഡിയറുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ കൺട്രോൾ റൂം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് 2 കോളം കരസേനയുടെ സംഘങ്ങൾ വയനാട്ടിലേക്ക് പുറപ്പെട്ടു. വായുസേനയുടെ വിമാനത്തിലാണ് ഇവർ വരിക. നിലവിൽ കരസേനയുടെ 200 അംഗങ്ങളും 3 മെഡിക്കൽ സംഘങ്ങളും രക്ഷാപ്രവർത്തനം തുടങ്ങി.

ദുരന്തത്തിൽ മരണം 73 ആയി. 33 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 3 കുട്ടികൾ കുട്ടികളാണ്. മേപ്പാടി ഹെല്‍ത്ത് സെന്‍ററില്‍ മാത്രം 48 മൃതദേഹങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്. പരിക്കേറ്റ നൂറിലധികം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മണ്ണിനടിയിൽ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. നിരവധി വീടുകൾ മണ്ണിനടിയിലാണ്. മിലിട്ടറിയും ഫയർഫോഴ്സും നാട്ടുകാരും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.