നശിച്ചത് 600 ഹെക്ടര്‍ കൃഷി; വയനാട് ഉരുൾപൊട്ടലിൽ 1555 വീടുകൾ വാസയോഗ്യമല്ലാതായി ; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ
വയനാട് ഉരുൾപൊട്ടലിൽ 1555 വീടുകള്‍ വാസയോഗ്യമല്ലാതായെന്നും 600ഓളം ഹെക്ടർ ഭൂമിയിലെ കൃഷി നശിച്ചതായും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദുരിത ബാധിതരുടെ പുനരധിവാസം ഉറപ്പാക്കാനും ശ്രദ്ധിക്കണമെന്ന് കേസ് പരിഗണിച്ച ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേസിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ,ദേശീയ പാതാ അതോറിറ്റി തുടങ്ങിയവരെ ഹൈക്കോടതി കക്ഷി ചേർത്തു.
ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയായെടുത്ത കേസാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. വയനാട്ടിലെ മണ്ണിടിച്ചിൽ പ്രശ്നസാധ്യതയുള്ള എല്ലാ സ്ഥലത്തെയും വിഷയം പരിഗണനയിലുണ്ടാകുമെന്ന് കോടതി പറഞ്ഞു. ഉരുൾപൊട്ടൽ -,മണ്ണിടിച്ചിൽ എന്നിവയിൽ പ്രദേശത്ത് ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടോയെന്നതിൽ മറുപടിയ്ക്കായി സർക്കാർ സാവകാശം തേടി.
അതേസമയം, മുണ്ടക്കൈ ഉരുൾ പൊട്ടലിൽ കാണാതായവർക്കുള്ള ഇന്നത്തെ തെരച്ചിൽ പുരോഗമിക്കുകയാണ്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, എന്നിവിടങ്ങളിൽ സന്നദ്ധ പ്രവർത്തകർ, ഫയർഫോഴ്സ് എന്നിവരാണ് ഉള്ളത്. ചാലിയാറിലും തെരച്ചിൽ ഉണ്ട്. ഉരുൾപൊട്ടിയതിനു പിന്നാലെ തുടങ്ങിയ തെരച്ചിൽ ഇന്നത്തോടെ 18 ദിവസം പൂർത്തിയാക്കും. തെരച്ചിൽ അവസാനിപ്പിക്കുന്നതിൽ ഇന്നത്തെ മന്ത്രിസഭ ഉപസമിതി ധാരണയിൽ എത്തും. ബാങ്ക് രേഖകൾ നഷ്ടപ്പെട്ടവർക്ക് അവ വീണ്ടെടുക്കാൻ ബാങ്കിംഗ് അദാലത്തും ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ ഡിഎന്‍എ സാമ്പിളുകളുടെ ഫലം പൊലീസിന് കിട്ടിത്തുടങ്ങി. ബന്ധുക്കളുടെ സാമ്പിളുമായുള്ള ഒത്തുനോക്കൽ അവസാന ഘട്ടത്തിലാണ്.