സോളാർ വിവാദം; കത്ത് ആവശ്യപ്പെട്ടത് വിഎസ് അച്യുതാനന്ദൻ, പിണറായിയുമായി ചർച്ച നടത്തി; നന്ദകുമാർ

 

സോളാർ വിവാദത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കുന്ന കത്ത് ആവശ്യപ്പെട്ടത് മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണെന്ന് ദല്ലാൾ നന്ദകുമാർ. ഈ കത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ചർച്ച നടത്തിയെന്നും ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തൽ.

നന്ദകുമാർ തന്നെ കാണാൻ വന്നപ്പോൾ ഇറങ്ങിപോകാൻ പറഞ്ഞിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞതിനെയും അദ്ദേഹം നിഷേധിച്ചു. തന്നോട് പിണറായി കടക്ക് പുറത്തെന്ന് പറഞ്ഞിട്ടില്ലെന്ന് നന്ദകുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

'2016 ഫെബ്രുവരിയിൽ സോളാർ പരാതിക്കാരി ഉമ്മൻ ചാണ്ടിക്കെതിരെ എഴുതിയ കത്തിനെ കുറിച്ച് അന്വേഷിക്കാൻ വിഎസ് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ഞാൻ ശരണ്യ മനോജിനെ ബന്ധപ്പെട്ടു. അദ്ദേഹം പരാതിക്കാരി എഴുതിയെന്ന് പറയുന്ന ഒരു ഡസനോളം കത്തുകൾ നൽകി. അത് ഞാൻ വിഎസിന് നൽകി. തുടർന്ന് ഇത് സംബന്ധിച്ച് അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ചർച്ച ചെയ്തു. 2016 തിരഞ്ഞെടുപ്പ് സമയത്താണ് ഞാൻ പിണറായിയുമായി ചർച്ച നടത്തിയത്. കടക്ക് പുറത്തെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടില്ല.

അതിന് ശേഷമാണ് കത്ത് ഞാൻ ചാനൽ റിപ്പോർട്ടർക്ക് നൽകിയത്. കത്തിനായി പരാതിക്കാരി 1.25 ലക്ഷം രൂപ കൈപ്പറ്റി. ശരണ്യമനോജിനൊപ്പമെത്തിയാണ് പരാതിക്കാരി പണം വാങ്ങിയത്. ബെന്നി ബെഹാനാനും തമ്പാനൂർ രവിയും 50000 രൂപ നൽകാമെന്ന് പറഞ്ഞ് മണിക്കൂറുകൾ നിർത്തി കഷ്ടപ്പെടുത്തി. അമ്മയ്ക്കുള്ള ചികിത്സയ്ക്ക് വേണ്ടിയാണ് പണം എന്ന് പറഞ്ഞതുകൊണ്ടാണ് തുക കൈമാറിയത്. അതിനപ്പുറം ഒരു സാമ്പത്തിക ഇടപാടും നടന്നിട്ടില്ല' നന്ദകുമാർ പറഞ്ഞു.