'കേരള ബജറ്റ് 2025'; വികസനത്തിനും ക്ഷേമത്തിനും ഊന്നൽ: ലൈവ് അപ്ഡേറ്റ്

 

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തുടങ്ങി. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍ നല്‍കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. ശമ്പളപരിഷ്‌കരണ കുടിശികയുടെ രണ്ടുഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും. പിഎഫില്‍ ലയിപ്പിക്കും. ഡിഎ കുടിശികയുടെ രണ്ടു ഗഡു ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ കെ.എൻ. ബാലഗോപാൽ പറഞ്ഞു.

ധനഞെരുക്കത്തിന്റെ തീക്ഷണമായ ഘട്ടത്തെ അതിജീവിച്ചെന്ന് പ്രഖ്യാപിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. സംസ്ഥാനം ധനഞെരുക്കം നേരിട്ടപ്പോൾ അത് മറച്ചുപിടിക്കാതെ തുറന്നുപറയാനാണ് സർക്കാർ ശ്രമിച്ചത്. ധനഞെരുക്കം വികസന പ്രവർത്തനത്തെ ബാധിച്ചില്ല. കേരളം ഒരു ടേക്ക്ഓഫിനു സജ്ജമായിരിക്കുകയാണെന്നും ബാലഗോപാൽ പറഞ്ഞു.

സാമ്പത്തിക അവലോകനം നേരത്തേ നിയമസഭാ അംഗങ്ങള്‍ക്ക് നല്‍കാത്തതില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രതിഷേധം അറിയിച്ചു. സ്പീക്കറുടെ റൂളിങ് അവഗണിച്ചായിരുന്നു ധനമന്ത്രിയുടെ നടപടിയെന്നും സതീശന്‍ പറഞ്ഞു. സാമ്പത്തിക അവലോകനം നേരത്തേ തന്നെ അംഗങ്ങള്‍ക്കു നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും ഭാവിയില്‍ ഇത് ആവര്‍ത്തിക്കരുതെന്നും സ്പീക്കര്‍ പറഞ്ഞു.

 

ലൈവ് അപ്ഡേറ്റ്

  • സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍ നല്‍കും. ശമ്പളപരിഷ്‌കരണ കുടിശികയുടെ രണ്ടുഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും. പിഎഫില്‍ ലയിപ്പിക്കും. ഡിഎ കുടിശികയുടെ രണ്ടു ഗഡു ലഭിക്കാനുള്ള നടപടി സ്വീകരിക്കും.
  • ഡിഎ കുടിശികയുടെ ലോക്ക് ഇന്‍ പീരിഡ് ഒഴിവാക്കും.
  • വയനാടിന് 750 കോടി. വയനാട് പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ 750 കോടി രൂപയുടെ പദ്ധതി.
  • തിരുവനന്തപുരം മെട്രോക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ 2025 – 26ൽ ആരംഭിക്കും.
  • തെക്കന്‍ കേരളത്തിന് പുതിയ കപ്പല്‍ നിര്‍മാണശാല
  • ലോക കേരളാ കേന്ദ്രം സ്ഥാപിക്കും, 5 കോടി രൂപയുടെ പദ്ധതി
  • മെട്രോ പൊളിറ്റന്‍ പ്ലാനിങ്ങ് കമ്മിറ്റികള്‍ വരും
  • കൊച്ചി മെട്രോയുടെ വികസനം തുടരും.അതിവേഗ റെയില്‍പാതയ്ക്ക് ശ്രമം തുടരും
  • പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാന്‍ ലോകകേരള കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇതിനായി 5 കോടി രൂപ അനുവദിച്ചു.
  • കാരുണ്യ പദ്ധതിക്കായി 700 കോടി രൂപ
  • പൊതുമരാമത്ത് പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി 3061 കോടി രൂപ
  • കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കും. ഇതിനായി 50 കോടി അനുവദിച്ചു
  • തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം 15980.41 കോടിയായി ഉയര്‍ത്തി. ജനറല്‍ പര്‍പ്പസ് ഫണ്ടായി 2577 കോടി കോടി രൂപ
  • വ്യവസായങ്ങള്‍ക്കുള്ള ഭൂമിക്കായി ക്ലിക്ക് പോര്‍ട്ടല്‍
  • തീരദേശപാതയുടെ ഓരോ 25 കിലോമീറ്ററിലും ഭൂമി ഏറ്റെടുക്കും. ഉള്‍നാടന്‍ ജലഗതാഗത്തിന് 500 കോടി രൂപ
  • കൊല്ലത്ത് ഐടി പാര്‍ക്ക് സ്ഥാപിക്കും.
  • രാജ്യാന്തര ജിസിസി കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ രണ്ടു കോടി. ജിസിസി കേന്ദ്രങ്ങള്‍ക്കായി 5 കോടി
  • വിഴിഞ്ഞത്തെ പ്രധാന ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമാക്കും. വിഴിഞ്ഞവുമായി ബന്ധപ്പെടുത്തി പ്രധാന വ്യവസായ ഇടനാഴി വികസിപ്പിക്കും.
  • ഫോർട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ 10 കിലോമീറ്റർ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി 5 കോടി രൂപ വകയിരുത്തി
  • എം.ടി.വാസുദേവന്‍ നായര്‍ക്ക് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ സ്മാരകം നിര്‍മിക്കും. ഇതിനായി 5 കോടി
  • കിഫ്ബി റവന്യൂ ജനറേറ്റിങ് മോഡല്‍ ആക്കും.
  • സൈബര്‍ വിങ്ങിനായി 2 കോടി രൂപ
  • സീ പ്ലെയിന്‍ ടൂറിസം പദ്ധതിക്ക് 20 കോടി രൂപ
  • വന്യജീവി ആക്രമണം നേരിടാന്‍ 50 കോടി രൂപ
  • കാര്‍ഷിക മേഖലയ്ക്ക് 227 കോടി രൂപ. 
  • തെരുവ് നായ ആക്രമണം തടയാന്‍ എബിസി കേന്ദ്രങ്ങള്‍ക്കു 2 കോടി രൂപ
  • മുതിർന്ന പൗരജനങ്ങളുടെ സാമ്പത്തിക ശേഷിയും അനുഭവ പരിചയവും ഉപയോഗപ്പെടുത്തി പുതുസംരംഭങ്ങൾ വ്യവസായങ്ങൾ എന്നിവ ആരംഭിക്കാൻ പ്രോത്സാഹനം നൽകുന്ന പദ്ധതി. ഇതിനായി 5 കോടി രൂപ വകയിരുത്തുന്നു.
  • മുതിർന്ന പൗരന്മാർക്ക് ഓപ്പൺ എയർ വ്യായാമ കേന്ദ്രങ്ങൾ.
  • നെല്ല് വികസനത്തിന് 150 കോടിയും ക്ഷീര വികസനത്തിന് 120 കോടി രൂപയും.
  • ഗ്രാമീണ ചെറുകിട വ്യവസായ പദ്ധതികൾക്ക് 212 കോടി
  • കശുവണ്ടി മേഖലയ്ക്ക് 53.36 കോടി. 
  • കാഷ്യു ബോർഡിന് 40.81 കോടി റിവോൾവിങ് ഫണ്ട്
  • കൈത്തറി ഗ്രാമത്തിന് 4 കോടി
  • കയർ വ്യവസായത്തിന് 107.6 കോടി 
  • ഖാദി വ്യവസായത്തിന് 14.8 കോടി
  • കെഎസ്ഐഡിസി 127.5 കോടി 
  • കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി - 200 കോടി
  • കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി - 200 കോടി  
  • ഐടി മേഖലയ്ക്ക് 507 കോടി
  • ഐബിഎമ്മുമായി സഹകരിച്ച് എഐ രാജ്യാന്തര കോൺക്ലേവ് നടത്തും.
  • 2000 വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കാൻ 25 കോടി
  • തദ്ദേശ സ്ഥാപനങ്ങൾ മുൻകയ്യെടുത്ത് നടത്തുന്ന വ്യവസായ പാർക്കുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവയ്ക്ക് സർക്കാർ സഹായം. ഈ വർഷം 100 കോടി
  •  കായിക ഉച്ചകോടിക്ക് 5000 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു.
  • മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത്  ഗ്ലോബല്‍ ഡയറി വില്ലേജിന് 133 കോടി രൂപ
  • എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാന്‍ 10 കോടി രൂപ
  • വിവരസാങ്കേതിക രംഗത്തെ വിവിധ പദ്ധതികള്‍ക്കായി 517.64 കോടി രൂപ വകയിരുത്തി
  • കുടുംബശ്രീക്ക് 270 കോടി രൂപ
  • പ്രധാന സ്ഥലങ്ങളില്‍ വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ക്കായി 15 കോടി രൂപ
  • പൊതുമേഖലാ സ്ഥാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ 275.20 കോടി രൂപ
  • നാട്ടുവൈദ്യം പ്രോത്സാഹിപ്പിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്.  ഒരു കോടി രൂപ വകയിരുത്തി
  • നാട്ടുവൈദ്യം പ്രോത്സാഹിപ്പിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്.  ഒരു കോടി രൂപ വകയിരുത്തി
  • ഡൽഹി, മുംബൈ മാതൃകയിൽ ഹൈദരാബാദിൽ കേരള ഹൗസ് 
  • കെഎസ്ആര്‍ടിസിക്ക് 178.94 കോടി രൂപ. അത്യാധുനിക ബസുകള്‍ വാങ്ങാന്‍ 107 കോടി
  • ഫെലോഷിപ്പുകളില്ലാത്ത റിസര്‍ച്ചര്‍മാര്‍ക്കായി 20 കോടി രൂപ. 10,000 രൂപ  വീതം നല്‍കും
  • ചെറുകിട ഐടി നവസംരംഭകര്‍ക്കായി ‘എക്‌സ്പാന്‍ഡ് യുവര്‍ ഓഫിസ്’ പദ്ധതി. ഇതിന് 5 ശതമാനം പലിശയ്ക്കു വായ്പ നല്‍കും.
  • പാമ്പുകടി മരണങ്ങള്‍ ഒഴിവാക്കാന്‍ 25 കോടി രൂപയുടെ പദ്ധതി
  • എല്ലാ ജില്ലാ ആശുപത്രികളിലും സ്‌ട്രോക് യൂണിറ്റ് ആരംഭിക്കും. ഇതിനായി 21 കോടി
  • ജ്ജ മാറ്റിവയ്ക്കലിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൗകര്യം ഒരുക്കും.
  • സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് 401 കോടി.
  • സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിക്ക് 109 കോടി.
  • സാമൂഹിക ക്ഷേമപെന്‍ഷന്‍ മൂന്നു മാസത്തെ കുടിശിക നല്‍കും. 
  • സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തില്‍ നല്‍കും.
  • കോടതി ഫീസ് വര്‍ധിപ്പിച്ചു. 150 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.
  • ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടി. പ്രതീക്ഷിക്കുന്നത് 10 കോടി അധികവരുമാനം.
  • കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതി പരിഷ്‌കരിച്ചു. പ്രതീക്ഷിക്കുന്നത് 15 കോടി രൂപ
  • സ്‌റ്റേജ് കാര്യേജ് വാഹനങ്ങളുടെ നികുതി 10 ശതമാനം കുറച്ചു.
  • 5 വര്‍ഷം കഴിഞ്ഞ ബൈക്ക്, മുച്ചക്രവാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ നികുതി 50 ശതമാനം വര്‍ധിപ്പിച്ചു
  • ദിവസവേതനക്കാരുടെ വേതനത്തില്‍ 5 ശതമാനം വര്‍ധന
  • ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ചു. ലക്ഷ്യമിടുന്നത് 100 കോടി അധികവരുമാനം.
  • സര്‍ക്കാര്‍ ഭൂമിയുടെ പാട്ടത്തുകയും വര്‍ധിപ്പിച്ചു.

     ബജറ്റ് അവതരണം പൂർത്തിയായി...