ബലാത്സംഗ പരാതിയിൽ റാപ്പർ വേടനെതിരെ ലുക്കൗട്ട്‌ നോട്ടീസ്

 

ബലാത്സംഗ പരാതിയിൽ റാപ്പർ വേടനെതിരെ ലുക്കൗട്ട്‌ നോട്ടീസ് പുറത്തിറക്കി പോലീസ്. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നോട്ടീസ് ഇറക്കിയത്. വേടനായുള്ള അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. ഹിരൺദാസ് മുരളി എന്നറിയപ്പെടുന്ന റാപ്പർ വേടനും പരാതിക്കാരിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പൊലീസ് കണ്ടെടുത്തു. വേടൻ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഈ മാസം 18 നാണ് ഹരജി വീണ്ടും പരിഗണിക്കുന്നത്. 

തന്നെ കേസിൽപ്പെടുത്തുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് വേടൻ ജാമ്യാപേക്ഷയിൽ പറയുന്നു. തന്നെ പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയിൽ ഇന്നലെയാണ് റാപ്പർ വേടനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തത്.ആദ്യം ബലാൽസംഗം ചെയ്യുകയും തുടർന്ന് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. 2021 ആഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് 31- കാരി നൽകിയ പരാതിയിൽ പറയുന്നു.