മലേറിയ: ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും അറിയാം

 

പെൺ അനോഫിലിസ് കൊതുകുകൾ വഴി പകരുന്ന പ്ലാസ്മോഡിയം (Plasmodium) മൂലമുണ്ടാകുന്ന മാരകമായ ഒരു അണുബാധയാണ് മലേറിയ. സമയബന്ധിതമായി ചികിത്സ ലഭിക്കാത്ത പക്ഷം രോഗം ജീവന് ഭീഷണിയാകാം. രോഗവാഹകരായ കൊതുകുകൾ കടിക്കുമ്പോൾ അവയുടെ ഉമിനീരിലൂടെ പ്ലാസ്‌മോഡിയം മനുഷ്യരക്തത്തിലേക്ക് പ്രവേശിക്കുന്നതാണ് രോഗകാരണം. കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ എന്നിവരിൽ രോഗസാധ്യത കൂടുതലായതിനാൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. കൊതുകിനെ നിയന്ത്രിക്കുന്നതാണ് മലേറിയ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം

മലേറിയയുടെ പ്രധാന ലക്ഷണങ്ങൾ:

കടുത്ത പനി, വിറയൽ,കഠിനമായ തലവേദന, പേശി വേദന, സന്ധി വേദന,ഓക്കാനം, ഛർദ്ദി, വയറുവേദന, വയറിളക്കം,അമിതമായ ക്ഷീണം, ബലഹീനത, വിശപ്പില്ലായ്മ എന്നിവയാണ് ലക്ഷണങ്ങൾ. മലേറിയയുടെ ആദ്യ ലക്ഷണങ്ങൾ മറ്റു പകർച്ചപ്പനികളോട് സാമ്യമുള്ളവയാണ്. അതിനാൽ തിരിച്ചറിയാൻ വൈകും. വിറയലോടു കൂടിയ പനി, ഒന്നിടവിട്ട ദിവസങ്ങളിലെ പനി എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. രോഗിക്ക്' വിറയലും നല്ല തണുപ്പും ഉണ്ടാവുകയോ, രോഗിയുടെ ശരീരത്തിൽ പൊള്ളുന്ന പനിയും ഒപ്പം തലവേദനയും അനുഭവപ്പെടുകയോ, അമിതമായി വിയർക്കുകയും ഒപ്പം തളരുകയും ചെയ്യുകയും ചെയ്യുക, ശരീരവേദന, തലവേദന, സന്ധിവേദന, ഛർദ്ദി, ഓക്കാനം, വിളർച്ച (അനീമിയ) എന്നിവയും കാണപ്പെടാറുണ്ട്.

പ്രതിരോധ മാർഗങ്ങൾ

കൊതുകുകളെ പരമാവധി അകറ്റി നിർത്തുക, അവ വളരാനുള്ള സാഹചര്യം ഒഴിവാക്കുക എന്നതാണ് മലേറിയ വരാതിരിക്കാനുള്ള പ്രധാന മാർഗം. വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക, കൊതുകിന്റെ വാസസ്ഥലങ്ങൾ നശിപ്പിക്കുക, പാത്രങ്ങളിലും കുപ്പികളിലും മറ്റും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക, കിണറും വാട്ടർ ടാങ്കുകളും വല കൊണ്ട് മൂടുക, കൊതുകിന്റെ മുട്ട വിരിഞ്ഞുണ്ടാവുന്ന കൂത്താടികളെ കൂട്ടത്തോടെ നശിപ്പിക്കുവാൻ കീടനാശിനികളോ മണ്ണെണ്ണയോ മോസ്ക്വിറ്റോ ലാർവിസിഡൻ ഓയിലോ ജലോപരിതലത്തിൽ ഒഴിക്കുക.