'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ്; കേസ് റദ്ദാക്കണമെന്ന നിർമ്മാതാവിന്റെ അപ്പീൽ സുപ്രീം കോടതി തള്ളി

 

ബ്ലോക്ക്ബസ്റ്റർ ചിത്രം 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന നിർമ്മാതാവ് ബാബു ഷാഹിറിന്റെ അപ്പീൽ സുപ്രീം കോടതി തള്ളി. കേസിലെ അന്വേഷണം തടയേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. നടൻ സൗബിൻ ഷാഹിറിന്റെ പിതാവാണ് ഹർജിക്കാരനായ ബാബു ഷാഹിർ.

സിനിമയുടെ നിർമ്മാണത്തിനായി ഏഴ് കോടി രൂപ നിക്ഷേപിച്ച തനിക്ക് മുടക്കുമുതലും വാഗ്ദാനം ചെയ്ത 40 ശതമാനം ലാഭവിഹിതവും നൽകിയില്ലെന്ന് കാണിച്ച് അരൂർ സ്വദേശി സിറാജ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരെ പ്രതികളാക്കി മരട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇവർക്ക് നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

നിർമ്മാതാക്കൾ നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തുള്ള തട്ടിപ്പായിരുന്നുവെന്നാണ് പോലീസ് കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. സിനിമ വലിയ സാമ്പത്തിക വിജയം നേടിയിട്ടും നിക്ഷേപകന് അർഹമായ തുക നൽകാൻ തയ്യാറായില്ലെന്നത് ഗൗരവകരമായ കാര്യമാണെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. സുപ്രീം കോടതിയുടെ പുതിയ ഉത്തരവോടെ കേസിലെ പോലീസ് അന്വേഷണം തടസ്സമില്ലാതെ തുടരും.