കലയുടെ കൊലപാതകം; ഇനി വേണ്ടത് ശാസ്ത്രീയ തെളിവുകൾ,  മുഖ്യസാക്ഷിയുടെ മൊഴി നിർണായകം

 

മാന്നാറിൽ നിന്നും 15 വർഷം മുൻപ് കാണാതായ കല എന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ ഇനി ആവശ്യം ശാസ്ത്രീയ തെളിവുകൾ. അമ്പലപ്പുഴ പോലീസിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമികാന്വേഷണത്തിന് ശേഷം ചൊവ്വാഴ്ച യുവതിയുടെ ഭർത്താവ് അനിലിന്റെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കിൽ നടത്തിയ പരിശോധനയിൽ കൊലപാതകത്തിന്റെ തെളിവുകൾ ലഭിച്ചിരുന്നു. എന്നാൽ ഇത് കലയുടേത് തന്നെയാണ് ഉറപ്പിക്കാൻ ശാസ്ത്രീയമായ തെളിവുകൾ വേണം. ഇതിനായി കിട്ടിയ വസ്തുക്കളെല്ലാം ഫോറൻസിക് സംഘത്തിന് പോലീസ് കൈമാറിയിട്ടുണ്ട്.

നാലുപേരുടെ അറസ്റ്റ് സംഭവത്തിൽ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സുരേഷ് കുമാർ എന്ന വ്യക്തിയുടെ സാക്ഷിമൊഴിയും കേസിൽ നിർണായകമാണ്. ആദ്യം പ്രതിപ്പട്ടികയിലായിരുന്നെങ്കിലും സുരേഷിന് കൃത്യത്തിൽ പങ്കുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. 2009 ൽ അനിൽ വിളിച്ചത് അനുസരിച്ച് താനും സുഹൃത്തുക്കളും വലിയ പെരുമ്പുഴ പാലത്തിലെത്തിയെന്നും പാലത്തിൽ പാർക്ക് ചെയ്തിരുന്ന കാറിൽ കലയുടെ മൃതദേഹം കണ്ടുവെന്നും സുരേഷ് പൊലീസിന് മൊഴി നൽകി.

കല കൊല്ലപ്പെട്ടതായും അബദ്ധം പറ്റിയതാണെന്നും അനിൽ പറഞ്ഞു. മൃതദേഹം ആരുമറിയാതെ മറവ് ചെയ്യാൻ സഹായിക്കണമെന്നായിരുന്നു അനിലിന്റെ ആവശ്യം. എന്നാൽ കൊലപാതകത്തിന് കൂട്ടു നിൽക്കാനാവില്ലെന്ന് അറിയിച്ച് താൻ മടങ്ങി. മറ്റുള്ളവർ ചേർന്ന് മൃതദേഹം മറവു ചെയ്തു. കൊലപാതക വിവരം പുറത്തു പറയാതിരുന്നത് അനിൽകുമാറിന്റെ ഭീഷണി ഭയന്നായിരുന്നുവെന്നും അനിൽകുമാറിന്റെ ബന്ധുവായ സുരേഷ് പറഞ്ഞു. കേസിൽ പരാതിക്കാരനും സുരേഷാണ്.