‘ചോദ്യം ചെയ്യൽ പുതുമയുള്ള ഒന്നായി തോന്നുന്നില്ല, ‍നിലപാട് മുൻപ് പറഞ്ഞതാണ്’: വീണയെ ചോദ്യം ചെയ്തതിൽ റിയാസ്

 

എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) വീണയെ ചോദ്യം ചെയ്തതിൽ പുതുതായി ഒന്നുമില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ‘‘ ചോദ്യം ചെയ്യൽ പുതുമയുള്ള ഒന്നായി എനിക്ക് തോന്നുന്നില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വന്നപ്പോൾ നേരത്തെ തന്നെ രാഷ്ട്രീയ നിലപാട് പാർട്ടിയും മറ്റുള്ളവരും പറഞ്ഞതാണ്. അതിനപ്പുറത്തേക്ക് ഒന്നും പറയാനില്ല’ മുഹമ്മദ് റിയാസ് പറഞ്ഞു.

ഇവിടെ നടന്ന പ്രചാരണം പല ഒത്തുതീർപ്പും നടക്കുന്നു എന്നായിരുന്നു. എന്തൊക്കെ പ്രചാരണമാണ് നടന്നത്. തൃശൂർ സീറ്റിനുവേണ്ടി ചില ഒത്തുതീർപ്പ് നടന്നു എന്ന് പ്രചരിപ്പിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ബിജെപിയും ആർഎസ്എസുമായി ഒത്തുതീർപ്പ് നടത്തുന്നു എന്ന് പ്രചരിപ്പിച്ചു. ആ പ്രചാരണം നടത്തിയവർക്ക് ഇപ്പോൾ എന്താണ് പറയാനുള്ളത്? ഇതെല്ലാം സ്വാഭാവികമായി ജനം ചിന്തിക്കും. കേസിന്റെ രാഷ്ട്രീയ വശങ്ങളെല്ലാം നേരത്തെ പറ‍ഞ്ഞതാണ്. ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയ അജൻഡ ഉണ്ടെന്നത് നേരത്തെ ചർച്ച ചെയ്തതാണ്. വിഷയത്തിൽ പാർട്ടി നിലപാട് പറഞ്ഞിട്ടുണ്ട്. ആ നിലപാടിൽ പാർട്ടി ഉറച്ചുനിൽക്കുകയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.