മോഹൻലാലിന്റെ അമ്മയുടെ സംസ്കാരം നാളെ തിരുവനന്തപുരത്ത് മുടവൻമുകളിലെ വീട്ടുവളപ്പിൽ
നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അമ്മയുടെ (90) സംസ്കാരം നാളെ തിരുവനന്തപുരം മുടവൻമുകളിലെ വസതിയിൽ നടക്കും. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ച് ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. പരേതനായ വിശ്വനാഥൻ നായരുടെയും മകൻ പ്യാരിലാലിന്റെയും സ്മൃതികൂടീരങ്ങൾക്ക് അരികിലായാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ പത്ത് വർഷമായി ചികിത്സയിലായിരുന്ന അമ്മയുടെ അവസാന നിമിഷങ്ങളിൽ മോഹൻലാൽ ഒപ്പമുണ്ടായിരുന്നു. തന്റെ ജീവിതത്തിലെയും വളർച്ചയിലെയും ഏറ്റവും വലിയ തണലും പ്രചോദനവും അമ്മയാണെന്ന് മോഹൻലാൽ എപ്പോഴും പറയുമായിരുന്നു. തിരക്കുകൾക്കിടയിലും അമ്മയുടെ പരിചരണത്തിനായി അദ്ദേഹം പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. അടുത്തിടെ ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരം നേടിയപ്പോഴും നേട്ടം നേരിട്ടറിയിക്കാൻ മോഹൻലാൽ ആദ്യം എത്തിയത് അമ്മയുടെ അരികിലേക്കായിരുന്നു.
മരണവാർത്തയറിഞ്ഞ് മമ്മൂട്ടി, സംവിധായകൻ ഫാസിൽ തുടങ്ങിയ സിനിമാ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ എളമക്കരയിലെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്ന് വൈകുന്നേരത്തോടെ ഭൗതികദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. മുടവൻമുകളിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷമാകും സംസ്കാര ചടങ്ങുകൾ നടക്കുക.