ഇറാന്റെ പുതിയ പരമോന്നത നേതാവായി മോജ്തബ ഖമേനിയെ തിരഞ്ഞെടുത്തു
ഇറാന്റെ പുതിയ പരമോന്നത നേതാവായി അന്തരിച്ച ആയത്തുല്ല അലി ഖമേനിയുടെ രണ്ടാമത്തെ മകൻ മോജ്തബ ഖമേനിയെ തിരഞ്ഞെടുത്തു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (IRGC) സമ്മർദ്ദത്തെത്തുടർന്ന് 88 അംഗ അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സ് ആണ് ഈ നിർണ്ണായക തീരുമാനം എടുത്തതെന്ന് ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു. യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യം വലിയ ഭരണപ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ഈ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
അലി ഖമേനിയുടെ ആറ് മക്കളിൽ രണ്ടാമനായ 56-കാരനായ മോജ്തബ ഖമേനി, നേരത്തെ തന്നെ പിൻഗാമിയാകുമെന്ന് സൂചനകളുണ്ടായിരുന്നു. ഇറാന്റെ ഭരണഘടനയനുസരിച്ച് രാജ്യത്തിന്റെ പൊതുനയങ്ങൾ തീരുമാനിക്കുന്നത് പരമോന്നത നേതാവാണ്. സായുധ സേനയ്ക്ക് പുറമെ ജുഡീഷ്യൽ സംവിധാനം, രഹസ്യാന്വേഷണ വിഭാഗം, ഔദ്യോഗിക വാർത്താ മാധ്യമങ്ങൾ എന്നിവയും പരമോന്നത നേതാവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് വരുന്നത്. ഇസ്ലാമിക് വിപ്ലവത്തിന് ശേഷം ഇറാന്റെ മൂന്നാമത്തെ പരമോന്നത നേതാവായാണ് മോജ്തബ അധികാരമേൽക്കുന്നത്.
1989 മുതൽ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമേനി, ആദ്യ നേതാവായിരുന്ന റൂഹുള്ള ഖമേനിയുടെ പിൻഗാമിയായാണ് അധികാരത്തിലെത്തിയത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്, ബാസിജ് അർദ്ധസൈനിക സേന എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ശക്തികേന്ദ്രങ്ങൾ. പിതാവിന്റെ പാത പിന്തുടർന്ന് മോജ്തബ ഖമേനി എത്തുമ്പോൾ മേഖലയിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ സങ്കീർണ്ണമാകാനാണ് സാധ്യതയെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.