കള്ളപ്പണ ഇടപാട് കേസ്: പി.വി അൻവറിന് ഇഡിയുടെ ക്ലീൻ ചിറ്റ്

 

കർണാടകയിലെ ക്രഷർ ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ നിലമ്പൂർ എംഎൽഎ പി.വി അൻവറിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) ക്ലീൻ ചിറ്റ്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അൻവറിനെതിരെ തെളിവുകളില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ഇഡി കൊച്ചിയിലെ പിഎംഎൽഎ (PMLA) കോടതിയിൽ സമർപ്പിച്ചു. മലപ്പുറം സ്വദേശിയായ പ്രവാസി എൻജിനീയറുടെ പരാതിയിലാണ് കേന്ദ്ര ഏജൻസി അന്വേഷണം നടത്തിയിരുന്നത്.

കർണാടകയിലെ ബെൽത്തങ്ങാടി താലൂക്കിൽ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറിൽ ഓഹരി പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു എന്നതായിരുന്നു പരാതി. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇഡി സംഘം പി.വി അൻവറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. എന്നാൽ, പണമിടപാടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു.