തിരുവനന്തപുരത്തു നിന്ന് കൂടുതൽ അന്താരാഷ്ട്ര സർവീസ്

 

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മലേഷ്യൻ തലസ്ഥാനമായ ക്വലാലംപൂരിലേക്ക്  സ‍ർവീസുകൾ വർദ്ധിപ്പിക്കുന്നു. മലേഷ്യൻ എയർലൈൻസ് സർവീസുകളുടെ എണ്ണം ഇരട്ടിയായാണ് വർദ്ധിപ്പിക്കുന്നത്. നിലവിൽ ആഴ്ചയിൽ രണ്ടു ദിവസമാണ് നിലവിൽ മലേഷ്യൻ എയർലൈൻസിന്റെ തിരുവനന്തപുരം - ക്വലാലമ്പൂർ സർവീസുള്ളത്. ഇത് ആഴ്ചയിൽ നാല് സർവീസുകളാക്കി വ‍ർദ്ധിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

2024 ഏപ്രിൽ രണ്ടാം തീയ്യതി മുതൽ അധിക സർവീസുകൾ പ്രാബല്യത്തിൽ വരും. ചൊവ്വ, ശനി ദിവസങ്ങളിൽ വിമാനം രാത്രി 12:30ന് തിരുവനന്തപുരത്ത് എത്തി പുലർച്ചെ 1:20ന് ക്വലാലമ്പൂരിലേക്ക് പുറപ്പെടും. ഞായർ, വ്യാഴം ദിവസങ്ങളിൽ രാത്രി 12:01നാണ് തിരുവനന്തപുരത്ത് നിന്ന് ക്വലാലമ്പൂരിലേക്ക് പുറപ്പെടുക. ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകൾ ഉള്ള ബോയിങ് 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുകയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

അതേസമയം തിരുവനന്തപുരത്തു നിന്ന് ബംഗളുരുവിലേക്കുള്ള വിമാന സ‍ർവീസുകളുടെ എണ്ണം ഏപ്രിൽ ഒന്നാം തീയ്യതി മുതൽ വർദ്ധിപ്പിച്ചിട്ടുണ്ട്. വിസ്താര എയർലൈൻസ് രണ്ട് പ്രതിദിന സർവീസുകൾ കൂടി ആരംഭിക്കുന്ന സാഹചര്യത്തിലാണിത്. ഈ റൂട്ടിൽ നിലവിൽ  ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എയർലൈൻസ് എന്നിവ ദിവസേന 8 സർവീസുകൾ നടത്തുന്നുണ്ട്. ഈ കൂട്ടത്തിലേക്ക് വിസ്താര കൂടി വരുന്നതോടെ ആകെ പ്രതിദിന സർവീസുകളുടെ എണ്ണം 10 ആകും.

ആദ്യ വിമാനം (UK 524) രാവിലെ 05:55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 07:15ന് ബെംഗളൂരുവിൽ എത്തും. തിരികെ രാത്രി 10:40ന് പുറപ്പെട്ട് 11:40ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. രണ്ടാം വിമാനം (UK 525) രാവിലെ 08:15 ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 09:30ന് തിരുവനന്തപുരത്ത് എത്തും. തിരികെ രാവിലെ 10:10 ന് പുറപ്പെട്ട് 11:20ന് ബെംഗളൂരുവിൽ എത്തും.