ബിജെപി മുൻ ജില്ലാ പ്രസിഡന്‍റ്   കെപി മധുവിനെ കോണ്‍ഗ്രസിലെത്തിക്കാൻ നീക്കം; ചർച്ചകൾ നടക്കുന്നുണ്ടെന്ന് സ്ഥിരീകരണം 

 

 

ബിജെപിയിൽ നിന്ന് രാജിവെച്ച ബിജെപി മുൻ വയനാട് ജില്ലാ പ്രസിഡന്‍റ് കെപി മധുവിനെ കോണ്‍ഗ്രസിലെത്തിക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യര്‍ കെ പി മധുവുമായി ബന്ധപ്പെട്ടു. കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചുകൊണ്ടാണ് സന്ദീപ് വാര്യര്‍ കെപി മധുവുമായി നിര്‍ണായക ചര്‍ച്ച നടത്തിയത്. സന്ദീപ് വാര്യര്‍ ബന്ധപ്പെട്ടിരുന്നുവെന്നും ആലോചിച്ച് അറിയിക്കാമെന്ന് മറുപടി നൽകിയതായും കെപി മധു പറഞ്ഞു. ബിജെപിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് കെപി മധുവിനെ സന്ദീപ് വാര്യര്‍ ബന്ധപ്പെട്ടത്.

കെപി മധുവിനായി എൽഡിഎഫ്, യുഡിഎഫ് നേതാക്കള്‍ രംഗത്തുണ്ട്. യുഡിഎഫുമായി മാത്രമല്ല, എൽഡിഎഫ് നേതാക്കളുമായും ചര്‍ച്ച നടക്കുന്നുണ്ടെന്നും ആവശ്യങ്ങള്‍ അംഗീകരിച്ചാൽ യുഡ‍ിഎഫുമായോ എൽഡിഎഫുമായോ സഹകരിക്കുമെന്നും കെപി മധു പറഞ്ഞു. പൊതുപ്രവര്‍ത്തനത്ത് തന്നെ തുടരാനാണ് തീരുമാനം. അതിന് യോജിച്ച തീരുമാനമായിരിക്കും എടുക്കുകയെന്നും കെപി മധു പറഞ്ഞു. ബിജെപിയിലെ ഗ്രൂപ്പ് തല്ല് കേന്ദ്ര നേതൃത്വം ഇടപെട്ട് തൽക്കാലം അവസാനിപ്പിച്ചാലും വീണ്ടും അടി തുടങ്ങുമെന്നും മധു പറഞ്ഞു. രാജിവെച്ചശേഷം ബിജെപിയിൽ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്നും ചില പ്രാദേശിക പ്രവര്‍ത്തകര്‍ അവരുടെ വിഷമം പറഞ്ഞിരുന്നുവെന്നും കെപി മധു പറഞ്ഞു.