വയനാട് ദുരന്തം: ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത് അവിടത്തെ ജനങ്ങൾ തന്നെ; മുഹമ്മദ് റിയാസ്
ഉരുൾപൊട്ടലിൽ സർവതും തകർത്തെറിയപ്പെട്ട വയനാട് മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയ്യിലും ചൂരൽമലയിലും ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത് അവിടത്തെ ജനങ്ങൾ തന്നെയാണെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമദ് റിയാസ്. ജനങ്ങൾ വയനാടിനായി കൈക്കോർക്കുന്ന കാഴ്ചയാണ് ദുരന്തമുഖത്ത് കാണാൻ സാധിച്ചതെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.
ഇന്നലെ താത്കാലിക പാലത്തിലൂടെയും മറ്റും നിരവധി പേരെയാണ് അവിടെനിന്നു രക്ഷപ്പെടുത്തിയത്. വൈകുന്നേരം 5 മണിയോടെ ഇരുട്ടാകുന്ന മേഖലയാണ് മുണ്ടക്കൈ, അവിടെ ഈ താത്കാലിക മാർഗത്തിലൂടെ രാത്രി ഏഴര വരെ കൊണ്ടുവന്നത് 486 പേരെയാണ്. ഇത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. അല്ലെങ്കിൽ 400ലധികം പേർ മറ്റൊരു ഭീതിപ്പെടുത്തുന്ന രാത്രി കൂടി പ്രതീക്ഷയറ്റ് ദുരന്തമുഖത്ത് കഴിയേണ്ടി വന്നേനെയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ഉരുൾപൊട്ടൽ നടന്ന അർധരാത്രി, ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടവർ പോലും തിരികെയെത്തി അരയ്‍ക്കൊപ്പം ചെളിയിൽ ഇറങ്ങി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. ഇതും ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. ചെളിയിലും പാറകൾക്കിടയിലും കുടുങ്ങിയവരെ ജീവൻ പണയം വച്ചാണ് ദുരന്തമുഖത്തുനിന്ന് ഇവർ രക്ഷിച്ചത്. മലയാളിയുടെ ഈ ഒത്തൊരുമ മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിലും നിർണായകമായെന്നും അദ്ദേഹം പറയുന്നു. 2018, 19 കാലഘട്ടത്തിലെ പ്രളയം, കരിപ്പൂർ വിമാന അപകടം തുടങ്ങിയ ദുരന്തസമയത്തും മലയാളിയുടെ ഈ ഒത്തൊരുമയാണ് രക്ഷാപ്രവർത്തനത്തിന്റെ ആദ്യ ഘട്ടത്തിൽ നിർണായകമായത്.
മേപ്പാടിയിലെ ഈ ഒത്തൊരുമ ഷിരൂരിൽ മലയാളി ഡ്രൈവർ അർജുനു വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിൽ കാണാൻ സാധിച്ചില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറയുന്നു. ‘‘ഷിരൂരിൽ സർക്കാർ സംവിധാനങ്ങളും ജനങ്ങളും രണ്ടു തട്ടിലാണു പ്രവർത്തിച്ചത്. പ്രദേശത്തെ മത്സ്യബന്ധന തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് എത്താമെന്ന് അറിയിച്ചിരുന്നെങ്കിലും ജില്ലാ ഭരണകൂടം അതൊന്നും ഉപയോഗപ്പെടുത്തിയില്ല. കേരളത്തിലെ ഒരു മന്ത്രിയായ എനിക്ക് കർണാടകയിൽ പോയി ഉത്തരവിടാൻ പറ്റുമായിരുന്നില്ല. അപ്പോഴും ദുരന്തമുഖത്തെ മലയാളി എന്ന നിലയിലുള്ള തന്റെ അനുഭവം അവരോടു പങ്കുവച്ചു. ഒത്തൊരുമയുടെ അഭാവം ഷിരൂരിലെ രക്ഷാപ്രവർത്തനത്തിൽ തെളിഞ്ഞുനിന്നിരുന്നു’’ – മുഹമ്മദ് റിയാസ് പറയുന്നു.
‘‘മേപ്പാടിയിലെ ആശുപത്രിയിലും ദുരിതാശ്വാസ ക്യാംപുകളിലും കഴിയുന്നവരുടേത് പരുക്കുകളുടെ വേദനയേക്കാൾ മാനസിക ആഘാതം സൃഷ്ടിച്ച വേദനയാണ്. കടുത്ത മെന്റൽ ട്രോമയിലൂടെയാണ് അവർ കടന്നുപോകുന്നത്. രാത്രി ഒരുമിച്ചിരുന്നു വർത്തമാനം പറഞ്ഞ സുഹൃത്തുക്കൾ, ഒരുമിച്ചിരുന്ന ഭക്ഷണം കഴിച്ച വീട്ടുകാർ, ഭർത്താവ്, ഭാര്യ, മക്കൾ, സഹോദരങ്ങൾ. ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ മാനസികാഘാതത്തിലാണ് മുണ്ടക്കൈ – ചൂരൽമല നിവാസികൾ. അവരെ അതിൽനിന്നു മോചിപ്പിക്കാനാണു ശ്രമം.
വ്യക്തികൾ, സംഘടകൾ. മേപ്പാടിയിൽ എല്ലാവരും അവരുടെ ഉത്തരവാദിത്തം കൃത്യമായി ഏറ്റെടുക്കുന്ന കാഴ്ചയാണു കാണുന്നത്. അതിൽ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ല. 9 മന്ത്രിമാരാണ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നത്. പ്രതിപക്ഷ നേതാവ്, ഉപനേതാവ് എല്ലാവരും ദുരന്തമുഖത്തേക്ക് ഓടിയെത്തി. അടുത്ത ദിവസം മുഖ്യമന്ത്രി തന്നെ നേരിട്ടു ദുരന്ത മേഖലയിലേക്ക് എത്തുന്നുണ്ട്. ബുധനാഴ്ച ഉച്ചവരെ മാത്രം നാലു യോഗങ്ങളാണു മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയത്. അനുഭവം നൽകുന്ന ഗുണപാഠമാണ് ദുരന്തമുഖത്ത് ഉദ്യോഗസ്ഥർക്കടക്കം സഹായകരമാകുന്നത്.
മേപ്പാടി പഞ്ചായത്തിലെ ദുരന്തമുണ്ടായ മേഖലകളിലും അതിന് മുകളിലുള്ള വീടുകളിലും കൃത്യമായ മുന്നറിയിപ്പ് നൽയിരുന്നു. കുറേപ്പേർ മുന്നറിയിപ്പു പാലിച്ചതുകൊണ്ടു ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടു. ചിലരെല്ലാം അത് അവഗണിച്ചു. ചാലിയാർ കേന്ദ്രീകരിച്ചാണ് ഇനി തിരച്ചിൽ നടത്തേണ്ടത്. നിരവധി മൃതദേഹങ്ങളാണു ചാലിയാറിലൂടെ ഒലിച്ച് പോയി നിലമ്പൂർ ഭാഗത്ത് എത്തിയത്. മുണ്ടക്കൈ മുതൽ നിലമ്പൂർ വരെ ഇനി വ്യാപകമായി തിരച്ചിൽ നടത്തേണ്ടതുണ്ട്. നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉന്നതതല യോഗത്തിന് ശേഷമായിരിക്കും കൂടുതൽ കാര്യങ്ങളിൽ തീരുമാനമെടുക്കുക’’ – മുഹമ്മദ് റിയാസ് മനോരമ ഓൺലൈനിനോടു പറഞ്ഞു.