നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു
ബലാൽസംഗക്കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫിസിലാണ് എഐജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുകേഷിനെ ചോദ്യം ചെയ്യുന്നത്. ചൊവ്വാഴ്ച രാവിലെ 10.15ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്.
സിനിമയിൽ അവസരവും സിനിമ സംഘടനയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് ചോദ്യംചെയ്യൽ. വടക്കാഞ്ചേരി പോലീസും മരട് പോലീസും രജിസ്റ്റർ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസുകളിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. കേസിൽ നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അതിനാൽ അറസ്റ്റ് നടപടികൾ ഉണ്ടാകില്ല.
ലൈംഗിക പീഡന പരാതികളിന്മേൽ നേരത്തെ തന്നെ പരാതിക്കാരികളുടെ വിശദമായ മൊഴിയടക്കം പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിരുന്നു.