മുകേഷ് പറയുന്നത് പച്ചക്കള്ളം, അവസരങ്ങൾ ചോദിച്ച് സമീപിച്ചിട്ടില്ല; നിയമ നടപടിയുമായി മുന്നോട്ടെന്ന് മിനു മുനീര്‍

 

ലൈംഗിക പീഡനാരോപണം നിഷേധിച്ചുകൊണ്ടുള്ള മുകേഷ് എംഎല്‍എയുടെ വിശദീകരണം തള്ളി ആരോപണം ഉന്നയിച്ച നടി മിനു മുനീര്‍. ആരോപണത്തിന് പിന്നില്‍ ബ്ലാക്ക് മെയിലിങാണെന്ന മുകേഷിന്‍റെ ആരോപണം നിഷേധിച്ച മിനു മുനീര്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി. മുകേഷ് പറയുന്നത് പച്ചക്കള്ളമാണ്. സിനിമയില്‍ അവസരങ്ങള്‍ നല്‍കണമെന്ന് പറഞ്ഞ് മുകേഷിനെ സമീപിച്ചിട്ടില്ല. അവസരം നല്‍കാൻ മുകേഷ് സംവിധായകൻ ഒന്നും അല്ലലോയെന്നും മിനു മുനീര്‍ ചോദിച്ചു.


തന്നെ മുകേഷിന് അറിയാമെന്ന് പറഞ്ഞത് നന്നായി. മുകേഷിനെ പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്തിട്ടില്ല. ബ്ലാക്ക് മെയില്‍ ചെയ്തെങ്കില്‍ അന്ന് തന്നെ പൊലീസില്‍ പരാതിപ്പെടാമായിരുന്നില്ലെയെന്നും മിനു മുനീര്‍ പറഞ്ഞു. എന്താണ് പരാതി നല്‍കാൻ മുകേഷ് വൈകിയത്?. മുകേഷ് പറയുന്നതെല്ലാം കള്ളമാണെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും മിനു മുനീര്‍ പറഞ്ഞു.

മിനു മുനീറിന്‍റെ ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്നും ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നുവെന്നും നടൻ മുകേഷ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയത്. മിനു മുനീര്‍ മുകേഷിനെതിരെ നടത്തിയ ഗുരുതര വെളിപ്പെടുത്തൽ പുറത്തുവന്നശേഷം മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കിയതിനിടെയാണ് വിശദീകരണം. മിനു മുനീര്‍ ബ്ലാക്ക് മെയില്‍ ചെയ്തു. ഒരു ലക്ഷണമെങ്കിലും തരണമെന്ന് എന്നോട് ആവശ്യപ്പെട്ടു. തുക ആവശ്യപ്പെട്ട് വാട്സ്ാപ്പില്‍ സന്ദേശം അയച്ചുവെന്നും മുകേഷ് ആരോപിച്ചു.