മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തം; ഇനിയും കാണമറയത്ത് 78 പേർ, നഷ്ടപ്പെട്ടത് മൂന്ന് ഗ്രാമങ്ങൾ  

 

 

മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായിട്ട് ഇന്ന് ഒരു മാസം. സർക്കാർ കണക്കുകൾ പ്രകാരം 231 പേരുടെ ജീവനാണ് ഉരുൾപ്പൊട്ടലിൽ പൊലിഞ്ഞത്. 78 പേർ ഇന്നും കാണാമറയത്ത് ആണ്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ട മൂന്ന് ഗ്രാമങ്ങളിലുള്ളവർ ദുരന്തമുണ്ടാക്കിയ വേദനകളിലാണ്  ഇപ്പോഴും കഴിയുന്നത്.എട്ട് കിലോമീറ്ററോളം ദൂരത്തിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളെ  ഇല്ലാതാക്കിയാണ് മഹാദുരന്തം കടന്നുപോയത്.

ഒരു പകലും രാത്രിയും തോരാതെ കറുത്ത് ഇരുണ്ട് പെയ്ത മഴയും പിന്നാലെയുണ്ടായ രണ്ട് ഉരുള്‍പൊട്ടലും നൂറ് കണക്കിന് ജീവനുകളാണ് കവര്‍ന്നത്.  62 കുടുംബങ്ങൾ ഒരാള്‍ പോലുമില്ലാതെ പൂർണമായും ഇല്ലാതായി. പ്രകൃതി സുന്ദരമായ ഒരു നാട് ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ മരണത്തിന്‍റെ താഴ്വരയായി മാറുന്നതാണ് കേരളം കഴിഞ്ഞ മാസം ഇതേ ദിവസം കണ്ടത്. പ്രാണൻ കയ്യിലെടുത്ത് ഓടിപോയ പലരും ഒറ്റപ്പെട്ടു. ചെളിയിൽ കുതിർന്ന് ജീവനുവേണ്ടി കരയുന്ന മനുഷ്യരുടെ ഉള്ളുലയക്കുന്ന കാഴ്ചയായിരുന്നു പുലർന്നപ്പോള്‍ ഈ നാട് സാക്ഷ്യം വഹിച്ചത്.

രണ്ട് ദിവസത്തിന് ശേഷം ദുരന്തത്തിന്‍റെ വ്യാപ്തിയെത്രയെന്ന് പോലും തിരിച്ചറിഞ്ഞത്. ചെളിയിലാണ്ടുപോയ മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും ജീവൻ പണയം വെച്ച് മനുഷ്യർ  രക്ഷാപ്രവർത്തനം നടത്തി. ചാലിയാർപ്പുഴയിലൂടെ കുത്തിയൊലിച്ച് പോയ നിരവധി മൃതദേഹങ്ങള്‍ മലപ്പുറം നിലമ്പൂരിൽ നിന്നാണ് കണ്ടെത്തിയത്. 71 പേർക്ക് പരിക്കേറ്റു. 183 വീടുകള്‍ ഇല്ലാതായി 145 വീടുകള്‍ പൂർണമായും തകർന്നു.