മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല; കേന്ദ്ര സര്‍ക്കാര്‍, തീരുമാനത്തിനെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍

 

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രത്തിന്റെ തീരുമാനം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി കെ രാജന്‍  പറഞ്ഞു. ദുരന്തഘട്ടത്തില്‍ ക്ലാസെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. കേവലമായ സാങ്കേതികത്വം പറയുകയാണ് സര്‍ക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കേന്ദ്രത്തിന്റെ കത്ത് തന്നെ കേരളത്തിനോടുള്ള വെല്ലുവിളിയാണ്. ചൂരല്‍മലയില്‍ ദുരന്തബാധിതരെ ആകെ വീണ്ടും ദുരിതത്തിലാക്കാനുള്ള ഒന്നാണ് കത്ത്. ആദ്യത്തെ ഇന്റര്‍മിനിസ്റ്റീരിയല്‍ ഡിസാസ്റ്റര്‍ സംഘം എത്തിയപ്പോള്‍ മുതല്‍ ആവശ്യപ്പെടുന്ന കാര്യമാണ് ദുരന്തത്തെ എല്‍3 വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന്. ഇന്റര്‍മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ സംഘം ഒരു ദുരന്തബാധിത മേഖലയില്‍ വരുന്നത് ദുരന്തം രാജ്യം മുഴുവന്‍ കൈകാര്യം ചെയ്യേണ്ട വിഷയമാണോ എന്നും, സംസ്ഥാനത്തിന് എത്ര തുക നല്‍കണം എന്നും മനസിലാക്കാന്‍ വേണ്ടിയാണ്. ഇത് സംബന്ധിച്ച് കേരളത്തിലെ മന്ത്രിമാരുമായും, കേരളത്തിലെ സംഘവുമായും അവര്‍ സംസാരിച്ചു.

വിഷയത്തെ കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്തു, ദുരന്തത്തിന്‌റെ വ്യാപ്തി ബോധിപ്പിച്ചു. എന്നിട്ടും നൂറ് ദിവസം പിന്നിട്ടപ്പോള്‍ കേന്ദ്രം കത്തയച്ചിരിക്കുകയാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന്,  മന്ത്രി കെ രാജന്‍  പറഞ്ഞു.