പ്രശസ്ത സംഗീതജ്ഞനായ ഡോ. എസ് ഹരിഹരൻ നായർ അന്തരിച്ചു

 

പ്രശസ്ത സംഗീതജ്ഞൻ സരിഗ സംഗീത അക്കാദമി ഡയറക്ടർ കിഴക്കേ കടുങ്ങല്ലൂർ ചക്കുപറമ്പിൽ ഡോ. എസ് ഹരിഹരൻ നായർ (78) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖം മൂലം വ്യാഴാഴ്ച വൈകീട്ട് ഏഴിനായിരുന്നു അന്ത്യം. ഹാർമോണിസ്റ്റായി കലാരംഗത്തേക്കു വന്ന ഹരിഹരൻ നായരുടെ കൈകൾ രണ്ടും പ്രീമിയർ ടയേഴ്‌സിലെ ജോലിക്കിടെയുണ്ടായ അപകടത്തിൽ നഷ്ടപ്പെട്ടു. തുടർന്നാണ് കർണാടക സംഗീതം അഭ്യസിച്ചത്. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്പ് നേടി. മികച്ച സംഗീതജ്ഞനായി വളർന്ന് കേരള സംഗീത നാടക അക്കാദമിയുടെ മികച്ച ഗായകനുള്ള അവാർഡ് നേടി. മ്യൂസിക് തെറാപ്പി സംബന്ധിച്ച പ്രബന്ധത്തിന് ഡോക്ടറേറ്റ് നേടി. 

ശ്രീലങ്കൻ സാംസ്‌കാരിക വകുപ്പിന്റെ ഗാനരത്‌ന ബഹുമതി ലഭിച്ചു. കാഞ്ചി കാമകോടിപീഠം ആസ്ഥാനവിദ്വാൻ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്. മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീതം ഹയർ പരീക്ഷ കർണാടക സംഗീതത്തിൽ രാഗം ചിട്ടപ്പെടുത്തി നിരവധി കൃതികൾ രചിച്ചു. കിഴക്കേ കടുങ്ങല്ലൂരിൽ സരിഗ സംഗീത അക്കാദമി സ്ഥാപിച്ച് നിരവധിപേരെ സംഗീതം പഠിപ്പിച്ചു. ഭാര്യ: നിർമ്മല. മകൻ: ദേവീദാസൻ(ഹ്രസ്വചിത്രസംവിധായകൻ). സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.