പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കി ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് ആവര്‍ത്തിച്ചു; മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനത്തിന് സര്‍ക്കാര്‍ മറുപടി നല്‍കുമെന്ന് എം.വി ഗോവിന്ദന്‍

 

ഗവര്‍ണര്‍ പറഞ്ഞതുതന്നെ പിന്നേയും പറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കി ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് പത്രസമ്മേളനം നടത്തി കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ അപ്പുറത്ത് ഒരു പുതിയ കാര്യവും പറഞ്ഞിട്ടില്ല-എം വി ഗോവിന്ദന്‍ പറഞ്ഞു.

ഗവര്‍ണര്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങള്‍ നേരത്തെ എല്ലാവരും കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കെ കെ രാഗേഷ് പൊലീസിനെ തടഞ്ഞു എന്നത് ശുദ്ധ അസംബന്ധമാണ്. കെ കെ രാഗേഷ് അന്ന് എംപിയാണ്. അദ്ദേഹം ഗവര്‍ണറെ പോലെ ക്ഷണിക്കപ്പെട്ട അതിഥിയാണ്. പ്രശ്നമുണ്ടായപ്പോള്‍ പരിഹരിക്കാന്‍ മാത്രമേ കെ കെ രാഗേഷ് ശ്രമിച്ചിട്ടുള്ളു. വെറുതെ ആവശ്യമില്ലാതെ എന്തെങ്കിലും പറയുന്നതിനോട് പ്രതികരിക്കാന്‍ ഞങ്ങളില്ല.

ആര്‍എസ്എസിന്റെ വക്താവാണ് താനെന്ന് പരസ്യമായി പറയുന്ന ഗവര്‍ണറെ പറ്റി വേറൊന്നും പറയാനില്ല. ഞങ്ങള്‍ ഗവര്‍ണറെ ബഹുമാനിക്കുന്നു. പക്ഷേ ഭരണഘടനാപരമായും നിയമപരമായും പ്രവര്‍ത്തിക്കുമ്പോഴാണ് ഗവര്‍ണറോട് ആ ബഹുമാനം കാണിക്കുക. അല്ലാതെ രീതിയില്‍ ഞാന്‍ പണ്ടേ ആര്‍എസ്എസ് ആണെന്ന് ആളുകള്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ അവതരിപ്പിച്ചു കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് വേറൊന്നും പറയാനില്ല.- എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.