മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ കൊല്ലുമെന്ന് ഭീഷണി; ബസ് ഉടമയുടെ സംഘത്തിനെതിരെ കേസ് 

 

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീട്ടിൽക്കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ബസ് ഉടമയുടെ സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. ബസിന് ഫിറ്റ്നസ് നൽകാത്തതിന്റെ പേരിലാണ് മോട്ടോർ വാഹന വകുപ്പ്  ഉദ്യോഗസ്ഥനെ ഒരു സംഘം വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയത്. 

ആമ്പല്ലൂർ റൂട്ടിലോടുന്ന മാതാ ബസ് ഉടമയുടെ സുഹൃത്തുക്കളായ വെണ്ടോർ സ്വദേശി ജെൻസൺ, പുത്തൂർ സ്വദേശി ബിജു എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇരിങ്ങാലക്കുട എഎംവിഐ കെ.ടി. ശ്രീകാന്തിനെയാണ് സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.  മാതാ ബസിന് ഫിറ്റ്നസ് നൽകാത്തതാണ് ഭീഷണിക്ക് കാരണം. സംഘം വീട്ടിലെത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചു.  ബസുടമ സംഘം ഭീഷണിപ്പെടുത്താനെത്തുമ്പോൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനൊപ്പം ഗർഭിണിയായ ഭാര്യയായിരുന്നു വീട്ടിലുണ്ടായിരുന്നത്. സംഘമെത്തി ഭീഷണിപ്പെടുത്തിയതോടെ കുടുംബം ഭയപ്പെട്ടു.

വാഹനം കണ്ടു, പരിശോധിച്ചു, ഫിറ്റ് അല്ലെന്നതിനാലാണ് സർട്ടിഫിക്കറ്റ് നൽകാതിരുന്നത്. ബസിന് ഒരു പണിയുമെടുക്കാതെ ഫിറ്റ്നസ് കിട്ടാനാണ് അവർ ശ്രമിച്ചത്. പല രീതിയിൽ സ്വാധീനിക്കാൻ ശ്രമിച്ചു. നടക്കാതെ വന്നപ്പോഴാണ് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയത്. ബസ് മോശം കണ്ടീഷനിലാണ്. അതുകൊണ്ടാണ് ഫിറ്റ്സന് നൽകാത്തത്. ഒരുപാട് വട്ടം ഫോണിൽ കോളുവന്നു. മറ്റൊരു നവീൻ ബാബു ആകാതിരിക്കാനാണ് പരാതി നൽകിയതെന്നും പരാതി നൽകിയശേഷം അവധിയെടുത്ത് വീട്ടിലിരിക്കുകയാണെന്നും എ എം വി ഐ ശ്രീകാന്ത് പറഞ്ഞു.