ലോകയുടെ കാസ്റ്റിങിനെപ്പറ്റി തുറന്ന് പറഞ്ഞ് സംവിധായകൻ

 

ബോക്‌സ് ഓഫീസിൽ തകർത്തോടുകയാണ് ലോക ചാപ്റ്റർ 1: ചന്ദ്ര. സൂപ്പർ ഹീറോയിനായുള്ള കല്യാണിയുടെ അഭിനയത്തെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് പ്രേക്ഷകർ. നസ്ലെൻ അവതരിപ്പിച്ച സണ്ണിയും കയ്യടി നേടുന്നുണ്ട്. ചിത്രത്തിലെ നസ്ലെന്റെ കോമഡി രംഗങ്ങളെല്ലാം തിയേറ്ററിൽ വലിയ ഓളമാണുണ്ടാക്കിയത്. നസ്ലെന്റേയും ചന്തുവിന്റേയും കോമ്പിനേഷൻ സിനിമയ്ക്ക് മികച്ചൊരു മുതൽക്കൂട്ടായി മാറിയെന്നാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ ഈ നേരത്തെ നസ്ലെൻ അവതിരിപ്പിച്ച നായക വേഷത്തിലേക്ക് പരിഗണിച്ചിരുന്നത് മറ്റൊരു നടനെയായിരുന്നു.

നസ്ലെനെ പരിഗണിച്ചിരുന്നത് ചന്തു അവതരിപ്പിച്ച വേണു എന്ന കഥാപാത്രം ചെയ്യാനായിരുന്നുവെന്നാണ് സംവിധായകൻ ഡൊമിനിക് അരുൺ പറയുന്നത്. ക്യു സ്റ്റുഡിയോയോടായിരുന്നു ഡൊമിനിക് ഇക്കാര്യം പങ്കുവച്ചത്. നസ്ലെനോട് കഥ പറഞ്ഞപ്പോൾ വേണു എന്ന കഥാപാത്രത്തിലേക്കായിരുന്നു അവനെ പരിഗണിച്ചിരുന്നത്. ഇപ്പോൾ ചന്തു ചെയ്ത വേഷം ചെയ്യാൻ ആദ്യം നസ്ലെനായിരുന്നു ഉദ്ദേശിച്ചിരുന്നത്. സണ്ണി എന്ന കഥാപാത്രം ചെയ്യാൻ വേറൊരു നടനെയായിരുന്നു പരിഗണിച്ചിരുന്നത്. എന്നാൽ അയാൾക്ക് ഡേറ്റില്ലാതെത്തു കൊണ്ട് സണ്ണിയുടെ കഥാപാത്രം നസ്ലെനിലേക്ക് എത്തുകയായിരുന്നുവെന്നാണ് ഡൊമിനിക് പറയുന്നത്.

കഥ പറഞ്ഞപ്പോൾ തന്നെ നസ്ലെനോട് പറഞ്ഞിരുന്നു ഒന്നെങ്കിൽ ഈ റോൾ അല്ലെങ്കിൽ സണ്ണി നീ ചെയ്യേണ്ടി വരുമെന്ന്. കുഴപ്പമില്ല, ഏതാണെങ്കിലും ചെയ്യാമെന്ന് നസ്ലെൻ പറഞ്ഞു. ആ സമയത്ത് പ്രേമലു റിലീസായിട്ടുണ്ടായിരുന്നില്ല. പിന്നീടാണ് കല്യാണി വരുന്നത്. അപ്പോൾ നസ്ലെനെ ഇപ്പുറത്തേക്ക് ഇടാമെന്ന് തീരുമാനിക്കുന്നത്. അപ്പോൾ വേണു ചെയ്യാൻ ആരുമില്ല എന്നായി എന്നും അദ്ദേഹം പറയുന്നു. വേണു എന്ന കഥാപാത്രം ആര് ചെയ്യുമെന്ന് വിചാരിച്ച് ഇരിക്കുമ്പോഴാണ് കാസ്റ്റിങ് ഡയറക്ടർ ചന്തുവിന്റെ പേര് പറയുന്നത്. അരുൺ കുര്യനും ഇപ്പോൾ കാണുന്ന റോളല്ലായിരുന്നു. ഇവരുടെ വീട്ടിൽ എപ്പോഴും ഇരിക്കുന്ന നോബഡി എന്ന കഥാപാത്രത്തിലേക്കായിരുന്നു അരുണിനെ ഉദ്ദേശിച്ചതെന്നും സംവിധായകൻ പറയുന്നു.

അതുപോലെ തന്നെ സാൻഡിയുടെ കഥാപാത്രം ചെയ്യാനിരുന്നത് കന്നഡ നടനായിരുന്നു. ലിയോക്ക് ശേഷമാണ് സാൻഡിയെ തീരുമാനിക്കുന്നത്. കന്നഡ ആക്ടർ മാറിയപ്പേഴാണ് സാൻഡിയുടെ പേര് സജസ്റ്റ് ചെയ്യുന്നത്. നേരത്തെ ആ കഥാപാത്രം കന്നഡയായിരുന്നു. സാൻഡിയെ കംഫർട്ടബിൾ ആക്കാനാണ് തമിഴ് ആക്കിയതെന്നും ഡൊമിനിക് അരുൺ പറയുന്നുണ്ട്.