മില്‍മ പ്ലാന്‍റില്‍ വാതക ചോര്‍ച്ച; കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്ന് ആരോപണം 

 

പാലക്കാട് കല്ലേപ്പുള്ളി മില്‍മ പ്ലാന്‍റില്‍ അമോണിയം വാതക ചോര്‍ച്ച ഉണ്ടായെന്ന ആരോപണവുമായി നാട്ടുകാർ. ഈ വാതകം ശ്വസിച്ച് പരിസരത്തുള്ള കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ നേരിയ തോതിലാണ് ചോർച്ച ഉണ്ടായതെന്നും ഇത് പരിഹരിച്ചെന്നും മിൽമ വ്യക്തമാക്കി. വാതക ചോർച്ച മുൻപും ഉണ്ടായിട്ടുണ്ടെന്നും സ്ഥിരമായി ഇവിടെയുള്ളവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതായും അമ്പലക്കാട് കോളനി നിവാസികൾ പറഞ്ഞു. ചുമ, ഛർദ്ദി, വയറുവേദന എന്നിവ കാരണം ഇവിടത്തെ കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. 

മൂന്ന് മാസവും ആറു മാസവും കൂടുമ്പോൾ പരിശോധനകൾ നടത്തി അമോണിയം ലൈനുകൾ മാറ്റാറുണ്ട്. ആ സമയങ്ങളിൽ ചെറിയ രീതിയിലുള്ള മണവും ഉണ്ടാവാറുണ്ട്. അതുകൊണ്ട് ഇനി മുതൽ അറ്റകുറ്റപ്പണികൾ നടത്തുമ്പോൾ പ്രദേശവാസികളെ  അറിയിച്ചുകൊണ്ട് നടപടികൾ എടുക്കാമെന്നും കുറച്ചുകൂടി മുൻകരുതൽ സ്വീകരിക്കാമെന്നും മിൽമ അധികൃതർ വ്യക്തമാക്കി. എന്നാൽ അമോണിയം വാതക ചോര്‍ച്ച ആളുകളെ നേരിട്ട് ബാധിക്കാതിരിക്കാൻ വീടുകളുടെ നേരെയുള്ള ഭാഗം കവർ ചെയ്ത് കൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.