നാറ്റോ വെറും കടലാസ് പുലി; സഖ്യം വിടുമെന്ന കടുത്ത മുന്നറിയിപ്പുമായി ട്രംപ്

 

നാറ്റോ (NATO) സഖ്യവുമായുള്ള അമേരിക്കയുടെ ദീർഘകാല ബന്ധം ഉപേക്ഷിക്കുന്നത് താൻ ഗൗരവമായി പരിഗണിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ബ്രിട്ടീഷ് പത്രമായ 'ദ ടെലിഗ്രാഫിന്' നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് ഈ കടുത്ത നിലപാട് വെളിപ്പെടുത്തിയത്. നാറ്റോ ഒരു 'കടലാസ് പുലി' മാത്രമാണെന്നും ഈ സത്യം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് കൃത്യമായി അറിയാമെന്നും ട്രംപ് പരിഹസിച്ചു. സഖ്യകക്ഷികൾ ഒത്തൊരുമയോടെ പ്രവർത്തിക്കുന്നില്ലെന്ന ആരോപണമാണ് ട്രംപ് പ്രധാനമായും ഉയർത്തുന്നത്.

ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് ഹോർമുസ് കടലിടുക്കിലേക്ക് സൈന്യത്തെ അയക്കാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങളെ 'പേടിത്തൊണ്ടന്മാർ' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. യുക്രെയ്ൻ യുദ്ധം അമേരിക്കയുടെ നേരിട്ടുള്ള പ്രശ്നമല്ലായിരുന്നിട്ടും വലിയ തോതിൽ സഹായം നൽകി അവർക്കൊപ്പം നിന്നു. എന്നാൽ അമേരിക്കയ്ക്ക് ഒരു ആവശ്യം വന്നപ്പോൾ സഖ്യകക്ഷികൾ തന്ത്രപരമായി ഒഴിഞ്ഞുമാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം സാഹചര്യത്തിൽ സഖ്യത്തിൽ തുടരുന്നതിനെക്കുറിച്ച് പുനർചിന്തിക്കേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ വിഷയങ്ങളിൽ യൂറോപ്യൻ രാജ്യങ്ങൾ പുലർത്തുന്ന നിസ്സംഗതയാണ് ട്രംപിനെ ചൊടിപ്പിച്ചിരിക്കുന്നത്. നാറ്റോയുടെ ബലഹീനതകൾ പുടിൻ നേരത്തെ തന്നെ മനസ്സിലാക്കിയിട്ടുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. ട്രംപിന്റെ ഈ പ്രസ്താവന ആഗോള രാഷ്ട്രീയത്തിലും നാറ്റോ സഖ്യത്തിനുള്ളിലും വലിയ ചർച്ചകൾക്കും വരുംദിവസങ്ങളിൽ പുതിയ പ്രതിസന്ധികൾക്കും വഴിതെളിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.