നവീൻ ബാബുവിൻ്റെ മരണം; തെളിവുകൾ സംരക്ഷിക്കണം, കുടുംബം കോടതിയിൽ
Nov 26, 2024, 13:01 IST
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കോടതിയിൽ. ജില്ലാ കളക്ടറുടെയും പമ്പിന് അനുമതി തേടിയ പ്രശാന്തൻ്റെയും ഫോൺ കോൾ വിവരങ്ങളും ഫോൺ ലൊക്കേഷൻ വിവരങ്ങളും സംരക്ഷിക്കണമെന്നാണ് ആവശ്യം. ജില്ലാ കളക്ട്രേറ്റിലെ സിസിടിവി ദൃശ്യങ്ങളും കളക്ടറുടെ രണ്ട് നമ്പറുകളിലെയും കോൾ റെക്കോർഡിങും സംരക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണം തടസപെടുത്തുകയല്ല ഉദ്ദേശമെന്നും അന്വേഷണത്തിന് ഉപകാരപ്പെടും വിധം തെളിവുകൾ സംരക്ഷിക്കണമെന്നും കുടുംബത്തിൻ്റെ അഭിഭാഷകൻ തലശേരി കോടതിയിൽ വ്യക്തമാക്കി. കുറ്റാരോപിതർ പ്രതികൾ അല്ലാത്തതിനാൽ കോൾ റെക്കോർഡിങ് കണ്ടെടുക്കുന്നത് സ്വകാര്യതയെ ബാധിക്കില്ലേ എന്ന് കോടതി വാദത്തിനിടെ ചോദിച്ചു.