നവീൻ ബാബുവിന്‍റെ മരണം; കേസ് ഡയറി ഹാജരാക്കണം: ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും നിലപാട് തേടി ഹൈക്കോടതി

 

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥൻ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. അന്വേഷണം സംബന്ധിച്ച് വിശദീകരണ പത്രിക സമർപ്പിക്കാന‍ും കോടതി നിർദേശം നൽകി.

കേസിൽ സിബിഐക്ക് നോട്ടിസ് അയയ്ക്കും. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ഹർജിക്കാരിയായ നവീൻ ബാബുവിന്റെ ഭാര്യ മഞ്‍ജുഷ കോടതിയെ അറിയിച്ചു. പ്രതി ദിവ്യക്ക് രാഷ്ട്രീയ സ്വാധീനമുണ്ടെന്നും അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും കുടുംബം കോടതിയിൽ പറഞ്ഞു.

കേസ് ഡയറിയും സത്യവാങ്മൂലവും ഡിസംബർ ആറിനകം സമർപ്പിക്കണമെന്നാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. കേസ് ഡിസംബർ ആറിന് വീണ്ടും പരിഗണിക്കും. കൊലപാതകമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് കോടതി ഹർജിക്കാരിയോട് ചോദിച്ചു. അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് പറയുന്നതിൽ‌ പ്രതി രാഷ്ട്രീയ നേതാവ് ആണെന്നതിൽ ഉപരി മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും കോടതി ചോദിച്ചു.

മരിക്കുന്നതിനു മുൻപുള്ള മണിക്കൂറുകളിൽ നവീൻ ബാബുവിന് എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും കുടുംബം അറിയിച്ചു. ഹർജി തീർപ്പാക്കുന്നതു വരെ അന്തിമ റിപ്പോർട്ട് അന്വേഷണ സംഘം സമർപ്പിക്കുന്നത് തടയണമെന്ന കുടുംബത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നാണ് കുടുംബത്തിന്റെ നിലപാട്. നവീന്‍ ബാബുവിനെ ആരെങ്കിലും കെട്ടിത്തൂക്കി കൊന്നതാണോ എന്ന സാധ്യത പരിശോധിച്ചില്ലായെന്നും യാത്രയയപ്പു ചടങ്ങിനു ശേഷം ചിലര്‍ നവീന്‍ ബാബുവിനെ കണ്ടിരുന്നു എന്നുമാണ് ഹർജിയിൽ കുടുംബം ആരോപിക്കുന്നത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഇന്‍ക്വിസ്റ്റ് സമയത്ത് ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നു, എന്നാൽ കുടുംബം എത്തുന്നതിനു മുന്നേ നടപടികൾ പൂർത്തിയാക്കി. കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല. പി.പി. ദിവ്യയ്ക്ക് ഭരണകക്ഷിയായ സിപിഎമ്മിന്റെ പിന്തുണയുണ്ട്. ഈ സാഹചര്യത്തില്‍ നീതി ലഭിക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണ് എന്നുമാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ വാദം.