ബിഹാര്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് അട്ടിമറി ജയം; അഞ്ചു സീറ്റും തൂത്തുവാരി
ബിഹാര്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുകളിലും വിജയിച്ച് എന്‍ഡിഎ കരുത്തുതെളിയിച്ചു. നിയമസഭയിലെ അംഗബലം അനുസരിച്ച് നാലു സീറ്റുകളില്‍ എന്‍ഡിഎ വിജയം ഉറപ്പിച്ചിരുന്നെങ്കിലും, പ്രതിപക്ഷ നിരയിലെ എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതോടെ അഞ്ചാം സീറ്റിലും അട്ടിമറി വിജയം നേടുകയായിരുന്നു. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു പ്രസിഡന്റുമായ നിതീഷ് കുമാര്‍, ബിജെപി ദേശീയ പ്രസിഡന്റ് നിതിന്‍ നബിന്‍, കേന്ദ്രമന്ത്രി രാം നാഥ് താക്കൂര്‍, ബിജെപി നേതാവ് ശിവേഷ് കുമാര്‍, ആര്‍എല്‍എം നേതാവ് ഉപേന്ദ്ര കുശ്വാഹ എന്നിവരാണ് വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ഥികള്‍. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് കേന്ദ്രമന്ത്രിസഭയിലേക്ക് മാറാനൊരുങ്ങുന്ന നിതീഷ് കുമാറിന്റെ വിജയം രാഷ്ട്രീയമായി ഏറെ ശ്രദ്ധേയമാണ്.
പ്രതിപക്ഷ ക്യാമ്പിലെ നാല് എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതാണ് എന്‍ഡിഎയുടെ വിജയം എളുപ്പമാക്കിയത്. കോണ്‍ഗ്രസില്‍ നിന്നുള്ള മൂന്ന് പേരും ആര്‍ജെഡിയില്‍ നിന്നുള്ള ഒരാളുമാണ് വോട്ടിംഗിന് എത്താതിരുന്നത്. ഇതോടെ പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം 37 ആയി ചുരുങ്ങി. എന്‍ഡിഎ തങ്ങളുടെ 202 അംഗങ്ങളുടെയും വോട്ട് ഉറപ്പാക്കിയിരുന്നു. പ്രതിപക്ഷത്തെ വിള്ളലുകള്‍ രണ്ടാം മുന്‍ഗണനാ വോട്ടെണ്ണലില്‍ എന്‍ഡിഎയ്ക്ക് അനുകൂലമായി മാറുകയായിരുന്നു. പ്രതിപക്ഷ നിരയിലെ ചോര്‍ച്ച വരും ദിവസങ്ങളില്‍ ബിഹാര്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും.