നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് സംസ്ഥാന ഹർത്താൽ പ്രഖ്യാപിച്ച് ആക്ഷൻ കൗൺസിൽ
അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ഏപ്രിൽ 28 ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തു. 52 ദലിത് സംഘടനകൾ ചേർന്ന് രൂപീകരിച്ച 'നിതിൻ രാജ് ആക്ഷൻ കൗൺസിൽ' ആണ് ഹർത്താൽ പ്രഖ്യാപിച്ചത്. നിതിൻ രാജിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ സണ്ണി എം. കപ്പിക്കാട്, ആക്ഷൻ കൗൺസിൽ ചെയർമാൻ കെ.കെ. സുരേഷ് എന്നിവരാണ് സമരപ്രഖ്യാപനം നടത്തിയത്.
മെഡിക്കൽ കോളജിന്റെ നാലാം നിലയിൽ നിന്ന് വീണുവെന്ന് പറയുന്ന സ്ഥലത്ത് രക്തപ്പാടുകളോ ശരീരത്തിൽ വീഴ്ചയുടെ ആഘാതത്തിലുള്ള മുറിവുകളോ ഇല്ലെന്നത് മരണത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്ന് സമിതി ചൂണ്ടിക്കാട്ടി. ലോൺ ആപ്പ് തട്ടിപ്പ് കേസിൽ കാട്ടുന്ന ആവേശം ഒളിവിൽ കഴിയുന്ന ഡോ. റാം, ഡോ. സംഗീത എന്നിവരെ പിടികൂടുന്നതിൽ പോലീസ് കാണിക്കുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തി. കോളജ് പ്രിൻസിപ്പൽ അടക്കമുള്ളവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും നിലവിലെ പോലീസ് അന്വേഷണം അട്ടിമറിക്കാൻ സാധ്യതയുള്ളതിനാൽ ഹൈക്കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്നുമാണ് ആക്ഷൻ കൗൺസിലിന്റെ ആവശ്യം.
അഞ്ചരക്കണ്ടി മെഡിക്കൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കണമെന്നും നിതിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നതെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് ദലിത് സംഘടനകളുടെ തീരുമാനം. ഹർത്താലുമായി സഹകരിച്ച് നീതിക്കായുള്ള ഈ പോരാട്ടത്തിൽ എല്ലാ ജനവിഭാഗങ്ങളും പങ്കുചേരണമെന്ന് സണ്ണി എം. കപ്പിക്കാട് അഭ്യർത്ഥിച്ചു.