ക്ലാസ് മുറിയിൽ അധ്യാപകരുടെ ബോഡി ഷെയ്മിങ് വേണ്ട; കുട്ടികളുടെ മുന്നിൽ ഫീസ് പിരിവ് പാടില്ല: കര്‍ശന നിര്‍ദേശങ്ങൾ നൽകി പൊതുവിദ്യാഭ്യാസ മന്ത്രി
ക്ലാസ് മുറികളിൽ ബോഡി ഷെയ്മിംഗ് അടക്കം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ അധ്യാപകരിൽ നിന്നോ സ്കൂൾ അധികാരികളിൽ നിന്നോ ഉണ്ടാകാൻ പാടില്ലെന്ന് കര്‍ശന നിര്‍ദേശം നൽകി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്ന വാഹന വാടക ഉൾപ്പെടെയുള്ള ഫീസ് സംബന്ധിച്ച ആവശ്യങ്ങൾ ക്ലാസ്മുറികളിൽ മറ്റ് കുട്ടികളുടെ സാന്നിധ്യത്തിൽ അധ്യാപകരോ സ്കൂൾ അധികൃതരോ വിദ്യാർത്ഥികളോട് ചോദിക്കരുത്. ഇപ്പോൾ എല്ലാ രക്ഷിതാക്കൾക്കും മൊബൈൽ ഫോൺ ഉണ്ട്. അവരോട് നേരിട്ട് വേണം ഇത്തരം കാര്യങ്ങൾ ഉന്നയിക്കാൻ.
സ്കൂൾ പഠനയാത്രകൾ, വിനോദയാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മാത്രമല്ല, ഇതിന് വൻതോതിലുള്ള തുകയാണ് ചില സ്കൂളുകളിൽ നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നൽകാൻ കഴിയാതെ അവരിൽ മാനസിക പ്രയാസം ഉണ്ടാക്കുന്നു. ആയതിനാൽ പഠനയാത്രകൾ എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ ക്രമീകരിക്കണം. സ്കൂളുകളിലെ പഠനയാത്രയോടൊപ്പം അകമ്പടിയായി പോകുന്ന അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാ ചെലവ് ബന്ധപ്പെട്ട പി.ടി.എ. കമ്മിറ്റികളോ സ്റ്റാഫ് മാനേജ്മെന്റ് കമ്മിറ്റികളോ വഹിക്കേണ്ടതാണ്.
അതേസമയം, സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ കണക്കെടുപ്പ് പൂർത്തിയായതായി മന്ത്രി അറിയിച്ചു. പ്രാഥമിക വിവരമനുസരിച്ച് 827 അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുണ്ടെന്നാണ് കണ്ടെത്തൽ. ഇക്കാര്യത്തിലെ അടുത്ത ഘട്ട നടപടികൾ ഉടനെന്നും മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. സ്കൂളുകളുടെ പട്ടികയും ലഭ്യമായ വിവരങ്ങളും മുഖ്യമന്ത്രിക്ക് കൈമാറുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.