' റഷ്യൻ സൈനിക യൂണിഫോമിൽ ഉത്തര കൊറിയൻ സൈനികർ, യുക്രെയ്‌നിനെതിരെ പോരാടാൻ നീക്കം': അപകടമെന്ന് യുഎസ്

 

റഷ്യൻ സൈനിക യൂണിഫോമിൽ ഉത്തര കൊറിയൻ സൈനികർ യുക്രെയ്‌നിനെതിരെ പോരാടാൻ റഷ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയായ കർസ്‌കിലേക്ക് നീങ്ങുന്നതായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. അപകടകരവും മേഖലയിൽ അസ്ഥിരത സൃഷ്ടിക്കുന്നതുമായ നീക്കമാണിതെന്നും അദ്ദഹം പറഞ്ഞു. ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി കിം യോങ് ഹ്യുനൊപ്പം പെന്റഗണിൽ മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു ലോയ്ഡ് ഓസ്റ്റിൻ.

യുക്രെയ്‌നിനെതിരെ പോരാടാൻ സൈന്യത്തെ വിട്ടുനൽകുന്നതിനു പകരമായി ഉത്തര കൊറിയ റഷ്യയിൽ നിന്ന് തന്ത്രപരമായ ആണവായുധങ്ങളും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യയും നേടിയെടുക്കാൻ സാധ്യതയുണ്ടെന്ന് ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി കിം യോങ് ഹ്യുൻ പറഞ്ഞു. അത്തരത്തിലുള്ള നീക്കം അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്‌നിനെതിരെ പോരാടാൻ അയച്ച സൈന്യത്തെ ഉത്തര കൊറിയ പിൻവലിക്കണമെന്ന് ലോയ്ഡ് ഓസ്റ്റിനും കിം യോങ് ഹ്യുനും ആവശ്യപ്പെട്ടു.

രണ്ട് ഉത്തര കൊറിയൻ സേനാ യൂണിറ്റുകളിലായി 11000 സൈനികർ റഷ്യയ്‌ക്കൊപ്പം ചേർന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനോട് പ്രതികരിച്ച ലോയ്ഡ് ഓസ്റ്റിൻ, എന്താണ് അവിടെ സംഭവിക്കുകയെന്ന് തങ്ങൾ നിരീക്ഷിക്കുകയാണെന്ന് വ്യക്തമാക്കി.