വിഷമല്ല, കാരണം ഹൃദയഘാതം; മുക്താർ അൻസാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

 

യുപിയിൽ മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുക്താർ അൻസാരി മരിച്ചത് ഹൃദായാഘാതം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. നേരത്തെ അൻസാരിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. വിഷം നൽകി കൊലപ്പെടുത്തിയതായിരുന്നുവെന്നായിരുന്നു കുടുംബത്തിന്റെ വാദം. അഞ്ചുഡോക്ടർമാരുടെ പാനലാണ് മൃതദേഹ പരിശോധന നടത്തിയതെന്നും പരിശോധനയിൽ മരണകാരണം ഹൃദയാഘാതമാണെന്ന് കണ്ടെത്തിയെന്നും റാണി ദുർഗാവതി ആശുപത്രി മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു.

വ്യാഴാഴ്ച വൈകീട്ട് എട്ടരയോടെയാണ് ജയിലിൽനിന്ന് മുക്താർ അൻസാരിയെ ആശുപത്രിയിലെത്തിക്കുന്നത്. അടിയന്തിര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേണ്ടത്ര ചികിത്സ നൽകിയിരുന്നില്ല എന്നും നേരത്തെ കുടുംബം ആരോപിച്ചിരുന്നു. അൻസാരിയുടെ ഇളയമകൻ ഉമർ അൻസാരി മൃതദേഹ പരിശോധന നടക്കുന്ന സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. മൃതദേഹ പരിശോധനയ്ക്ക് ശേഷം വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് മുക്താറിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. ശവസംസ്കാരം വൻസുരക്ഷാ സംവിധാനത്തിൽ ഇന്ന് നടക്കും.