ഇന്ത്യയും പാകിസ്ഥാനുമായി തനിക്ക് നല്ല ബന്ധം;  സംഘർഷത്തിൽ ഇടപെടില്ലെന്നു യുഎസ് പ്രസിഡന്റ് 

 

ഇന്ത്യ- പാകിസ്ഥാൻ സംഘർഷത്തിൽ ഇടപെടില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യം നിലനിൽക്കെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും ചേർന്നു പ്രശ്നം പരിഹരിക്കും. ഇന്ത്യയും പാകിസ്ഥാനുമായി തനിക്ക് നല്ല ബന്ധമാണെന്നും ട്രംപ് പറഞ്ഞു. ആ അതിർത്തിയിൽ 1,500 വർഷമായി സംഘർഷം നിലനിൽക്കുന്നു. അവർ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അതു പരിഹരിക്കുമെന്നു തനിക്കുറപ്പുണ്ടന്നും ട്രംപ് പറഞ്ഞു

എന്നാൽ ഇപ്പോൾ നടന്ന ഭീകരാക്രമണം തെറ്റാണെന്നു പറഞ്ഞ ട്രംപ്, ഇരു രാജ്യങ്ങളിലെയും നേതാക്കളെ എനിക്കറിയാമെന്നും അവർ തന്നെ കൂടിയാലോചിച്ച് പ്രശ്നം പരിഹരിക്കുമെന്നും മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി. ഭീകരാക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ട്രംപ് ശക്തമായി അപലപിച്ചിരുന്നു. ഹീനമായ ആക്രമണം നടത്തിയ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരുന്നതിൽ ഇന്ത്യക്കു പൂർണ പിന്തുണയും അദ്ദേഹം അറിയിച്ചിരുന്നു.