ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിൽ നടപടി: ഗൂഗിളിനും മെറ്റയ്ക്കും നോട്ടീസ്; 60 വ്യാജ ആപ്പുകള്‍ കണ്ടെത്തി

 

സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ ഓണ്‍ലൈനില്‍ വ്യാജ ലോട്ടറിവില്‍പ്പന നടത്തുന്ന ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് നോട്ടീസ് നല്‍കി പോലീസ്. ഇത്തരം ഓണ്‍ലൈന്‍ ലോട്ടറികളുടെ പരസ്യങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കാന്‍ മെറ്റയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ ലോട്ടറിയുടെ 60 വ്യാജ ആപ്പുകളാണ് പോലീസിന്റെ സൈബര്‍ പട്രോളിങ്ങില്‍ കണ്ടെത്തിയത്. കൂടാതെ തട്ടിപ്പുമായി ബന്ധപ്പെട്ട 25 വ്യാജ ഫേസ്ബുക്ക് പ്രൊഫൈലും 20 വെബ്‌സൈറ്റുകളും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെ കുറിച്ചുള്ള വാര്‍ത്ത മാതൃഭൂമി ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.

കേരള മെഗാമില്യണ്‍ ലോട്ടറി, കേരള സമ്മര്‍ സീസണ്‍ ധമാക്ക എന്നീ പേരുകളില്‍ സമൂഹമാധ്യമങ്ങള്‍ വഴി കേരള സംസ്ഥാന ലോട്ടറി ഓണ്‍ലൈന്‍ ആയി എടുക്കാം എന്ന വ്യാജപരസ്യം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്‌സ്ആപ്പ്, ടെലഗ്രാം, ഇന്‍സ്റ്റാഗ്രാം മുതലായ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ ഓണ്‍ലൈന്‍ ലോട്ടറി ആരംഭിച്ചെന്നും 40 രൂപ മുടക്കിയാല്‍ 12 കോടി രൂപ വരെ നേടാമെന്നുമുള്ള സന്ദേശമാണ് ലഭിക്കുക.

സന്ദേശത്തില്‍ പറയുന്ന നമ്പറിലേയ്ക്ക് 40 രൂപ അയച്ചാല്‍ വാട്‌സ്ആപ്പിലേയ്ക്ക് വ്യാജ ലോട്ടറി ടിക്കറ്റ് ചിത്രം അയച്ചുനല്‍കും. നറുക്കെടുപ്പിന്റെ സമയം കഴിയുമ്പോള്‍ കൃത്രിമമായി നിര്‍മ്മിച്ച നറുക്കെടുപ്പ് ഫലം തട്ടിപ്പുകാര്‍ അയച്ചുനല്‍കുകയും ഫലം പരിശോധിക്കുമ്പോള്‍ കൈവശമുള്ള ടിക്കറ്റിന് അഞ്ചു ലക്ഷം രൂപ സമ്മാനം ലഭിച്ചതായി കാണിക്കുകയും ചെയ്യും.

ഇതോടെ തട്ടിപ്പിന്റെ അടുത്തഘട്ടം ആരംഭിക്കുന്നു. സര്‍ക്കാര്‍ പ്രതിനിധിയെന്നു പരിചയപ്പെടുത്തിക്കൊണ്ട് ഒരാള്‍ ഫോണില്‍ വിളിക്കുകയും സമ്മാനത്തുക ലഭിക്കാന്‍ ജി.എസ്.ടി, സ്റ്റാമ്പ് ഡ്യൂട്ടി എന്നീ ആവശ്യത്തിനായി പണം ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ പണം ട്രാന്‍സ്ഫര്‍ ചെയ്തുകഴിയുമ്പോള്‍ റിസര്‍വ്വ് ബാങ്ക് സമ്മാനത്തുക പിടിച്ചുവച്ചിരിക്കുന്നതായും സമ്മാനം കൈമാറാനായി കൂടുതല്‍ പണം വേണമെന്നും ആവശ്യപ്പെടുന്നു. ഓരോ ചുവടും വിശ്വസനീയമായി തോന്നിക്കാനായി കൃത്രിമമായി നിര്‍മ്മിച്ച രേഖകളും വീഡിയോകളും തട്ടിപ്പുകാര്‍ ഇരകള്‍ക്ക് നല്‍കുമെന്നും പോലീസ് പറഞ്ഞു.

ഇത്തരത്തില്‍ വളരെ വിശ്വസനീയമായി തോന്നിപ്പിക്കുന്ന രീതിയില്‍ നടത്തുന്ന വ്യാജഭാഗ്യക്കുറിയുടെ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ പോലീസിനെ വിവരം അറിയിക്കേണ്ടതാണ്.