ഇൻബിൽറ്റ് കൂളിങ് ഫാൻ സാങ്കേതികവിദ്യയുമായി ഓപ്പോ
പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ കെ13 ടർബോ സീരീസ് ഓഗസ്റ്റ് 11ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. പുതിയ സീരീസിന് കീഴിൽ രണ്ടു മോഡലുകളാണ് അവതരിപ്പിക്കുന്നത്. കെ13 ടർബോയും കെ13 ടർബോ പ്രോയുമാണ് ഈ രണ്ടു പുതിയ ഫോണുകൾ. ഫ്‌ലിപ്കാർട്ടുമായുള്ള എക്‌സ്‌ക്ലൂസീവ് പങ്കാളിത്തത്തിലൂടെയാണ് രണ്ട് ഫോണുകളും ലഭ്യമാകുക. ഇൻബിൽറ്റ് കൂളിങ് ഫാൻ സാങ്കേതികവിദ്യയാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. ഇന്ത്യൻ ഫോണുകളിൽ ആദ്യമായാണ് ഈ സാങ്കേതികവിദ്യ എന്ന് ഓപ്പോ അവകാശപ്പെട്ടു.
ഓപ്പോ കെ13 ടർബോ പ്രോയിൽ ടർബോ ബ്രീത്തിംഗ് ലൈറ്റ് ഉണ്ടാകുമെന്ന് ഓപ്പോ സ്ഥിരീകരിച്ചു. ഇതിൽ ക്യാമറ ഐലൻഡിന് ചുറ്റും രണ്ട് മിസ്റ്റ് ഷാഡോ എൽഇഡികളും എട്ട് നിറങ്ങളിലുള്ള ആർജിബി ലൈറ്റിങും കാണപ്പെടും. അതേസമയം, കെ13 ടർബോയ്ക്ക് ടാക്റ്റിക്കൽ എഡ്ജിന് ചുറ്റും ടർബോ ലുമിനസ് റിങ് ഉണ്ടായിരിക്കും. അത് അൾട്രാ വയലറ്റ് അല്ലെങ്കിൽ പ്രകൃതിദത്ത വെളിച്ചത്തിന് വിധേയമാകുമ്പോൾ ഇരുട്ടിൽ മൃദുവായ ഫ്‌ലൂറസെന്റ് പ്രകാശം പുറപ്പെടുവിക്കും.
സിൽവർ നൈറ്റ്, പർപ്പിൾ ഫാന്റം, മിഡ്നൈറ്റ് മാവെറിക് ഷീൻസ് എന്നി കളർ വേരിയന്റുകളിൽ കെ13 ടർബോ പ്രോ ലഭ്യമാകും. മറുവശത്ത്, കെ13 ടർബോയ്ക്ക് വൈറ്റ് നൈറ്റ് വേരിയന്റും ഉണ്ടായിരിക്കും. 18000 rpm വരെ കറങ്ങുന്ന ഇൻബിൽറ്റ് കൂളിങ് ഫാനാണ് ഫോണിന്റെ പ്രത്യേകത. താപനില നിയന്ത്രിക്കുന്നതിനായാണ് ഈ സാങ്കേതികവിദ്യ. ഫോണിലെ താപനിലയെയും ലോഡിനെയും അടിസ്ഥാനമാക്കാണ് ഇത് ആക്ടീവ് ആകുക. ഗെയിമുകൾ കളിക്കുകയോ സൂര്യപ്രകാശത്തിൽ നേരിട്ട് ഫോൺ ഉപയോഗിക്കുകയോ പോലുള്ള ഉയർന്ന ലോഡുള്ള സാഹചര്യങ്ങളിൽ പോലും ഇൻബിൽറ്റ് ഫാൻ സാങ്കേതികവിദ്യ ദ്രുതഗതിയിലുള്ള താപ വിസർജ്ജനത്തിനും രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയുന്നതിനും കാരണമാകുമെന്നും കമ്പനി അവകാശപ്പെടുന്നു.
കെ13 ടർബോ, കെ13 ടർബോ പ്രോ എന്നിവയുടെ സ്‌പെസിഫിക്കേഷനുകൾ ഓപ്പോ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മിഡ്റേഞ്ച് ഫോണുകൾ ഇതിനകം ചൈനയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. 120 ഹെർട്‌സ് റിഫ്രഷ് റേറ്റും 1600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ്സും ഉള്ള അതേ 6.8 ഇഞ്ച് 1.5K ഫ്‌ലാറ്റ് OLED ഡിസ്പ്ലേയാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇവയ്ക്ക് IPX8, IPX9 വാട്ടർ റെസിസ്റ്റൻസ് റേറ്റിങ്ങും ഇൻഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.
കെ13 ടർബോയിൽ മാലി G720 MC7 GPU ഉള്ള മീഡിയാടെക് ഡൈമെൻസിറ്റി 8450 പ്രോസസർ ആണ് പ്രവർത്തിക്കുന്നത്. 16 GB വരെ LPDDR5X റാമും 1 TB UFS 3.1 സ്റ്റോറേജുമാണ് ഫോൺ വാഗ്ദാനം ചെയ്യുന്നത്. കെ 13 ടർബോ പ്രോയ്ക്ക് കരുത്ത് പകരുന്നത് സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 പ്രോസസറാണ്. ഇത് 16 ജിബി വരെ LPDDR5Xv റാമും യുഎഫ്എസ് 4.0 സ്റ്റോറേജും നൽകുന്നു. രണ്ടു ഫോണുകളിലും 50 എംപി പ്രൈമറി സെൻസറും 8 എംപി ഡെപ്ത് സെൻസറും ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ഷൂട്ടർ മുൻവശത്തുണ്ട്.
80 W SuperVOOC വയർഡ് ഫാസ്റ്റ് ചാർജിങ്ങിനുള്ള പിന്തുണയുള്ള 7000 mAh ബാറ്ററിയാണ് ഇവയ്ക്കുള്ളത്. ഇന്ത്യയിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള FuntouchOS 15ലാണ് ഇവ പ്രവർത്തിക്കുക. 21,500 മുതൽ 32,500 രൂപ വരെയാണ് വില.