പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്കരിക്കും

 

രാഷ്ട്രപതിയെ മാറ്റിനിർത്തിയതിന്റെ പേരിൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്കരിക്കും. സവർക്കറുടെ ജന്മദിനത്തിൽ ഉദ്ഘാടനം നടത്തുന്നതിലും എതിർപ്പുണ്ട്. മേയ് 28 ഞായറാഴ്ചയാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ബഹിഷ്കരിക്കുന്ന കാര്യം ഔദ്യോഗികമായി പത്രക്കുറിപ്പിലൂടെ അറിയിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 

തൃണമൂൽ കോൺഗ്രസും (ടിഎംസി) സിപിഐയും പരിപാടി ബഹിഷ്കരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പാർട്ടികൾക്ക് ഔദ്യോഗിക ക്ഷണക്കത്ത് ലഭിച്ചതിനു പിന്നാലെ ബുധനാഴ്ചത്തന്നെ അന്തിമ തീരുമാനം ഉണ്ടാകും. പ്രതിപക്ഷം ഒന്നടങ്കം ചടങ്ങ് ബഹിഷ്കരിക്കുമെന്നാണ് വിവരം. പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദഘാടനം ചെയ്യുന്നതിലാണ് പ്രതിപക്ഷത്തിന്റെ എതിർപ്പ്. രാഷ്ട്രപതി ദൗപദി മുർമു വേണം ഉദ്ഘാടനം നടത്താനെന്ന് പ്രതിപക്ഷം പറയുന്നു. ദലിത് വിഭാഗത്തിൽനിന്നുള്ള വനിതാ രാഷ്ട്രപതിയെ ഈ നടപടിയിലൂടെ സർക്കാർ അപമാനിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു. 

2020 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ തറക്കല്ലിടുന്ന ചടങ്ങും പ്രതിപക്ഷ കക്ഷികൾ ബഹിഷ്കരിച്ചിരുന്നു. കർഷകരുടെ പ്രതിഷേധം, കോവിഡ് മഹാമാരി, ലോക്‌ഡൗൺ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി എന്നിവയ്ക്കിടയിൽ ഇത്തരമൊരു ചടങ്ങ് നടത്തുന്നതിൽ പ്രതിഷേധിച്ചായിരുന്നു അന്നത്തെ ബഹിഷ്കരണം. 28ന് രാവിലെ തന്നെ പൂജകൾ ആരംഭിച്ച് ഉച്ചകഴിഞ്ഞ് ഉദ്ഘാടന ചടങ്ങ് നടത്തുന്ന രീതിയിൽ ആയിരിക്കും അന്നത്തെ ദിവസത്തെ പരിപാടികൾ.