ഓരോ സംസ്ഥാനത്തും ശക്തരായ പാർട്ടിക്ക് അവസരം നൽകണം; ബിജെപിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടാവുന്നു

 

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും കൂടിക്കാഴ്ച നടത്തി. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാപ്പെട്ട കേന്ദ്രങ്ങളിൽ പ്രാദേശിക പാർട്ടികൾക്ക് മത്സരിക്കാൻ കൂടുതൽ അവസരം നൽകണമെന്ന് മമത പറഞ്ഞു.  

‘‘പ്രാദേശിക പാർട്ടികൾ ശക്തമായ മണ്ഡലങ്ങളിൽ ബിജെപിക്ക് ജയിക്കാൻ കഴിയില്ല. കർണാടകയിലെ വിധി ബിജെപിക്ക് എതിരാണ്. കർണാടകയിലെ ജനം ദുരിതത്തിലായിരുന്നു. ജനാധിപത്യം അട്ടിമറിക്കപ്പെടുകയും സാമ്പത്തിക രംഗം തകർക്കപ്പെടുകയും ചെയ്‌തെന്ന് മമത പറഞ്ഞു. 

‘‘തൃണമൂൽ ബംഗാളിൽ ശക്തമായതിനാൽ ബിജെപിക്കെതിരെ അവിടെ പോരാടാനാകും. ഇതേപോലെ ഡൽഹിയിൽ എഎപിക്കും ബിഹാറിൽ ജെഡിയുവിനുമാണ് ബിജെപിക്കെതിരെ പോരാടാൻ കഴിയുക.   തമിഴ്നാട്ടിലും ജാർഖണ്ഡിലും ഇതേ രീതി നടപ്പിലാക്കാനാവും. ഓരോ സംസ്ഥാനത്തും ഏത് പാർട്ടിയാണോ കൂടുതൽ ശക്തർ അവർക്ക് പൊരുതാൻ കൂടുതൽ അവസരം നൽകണം. ഇരുനൂറിലധികം വരുന്ന കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിൽ പ്രാദേശിക പാർട്ടികൾ പിന്തുണ കൊടുക്കണം. നല്ല കാര്യങ്ങൾ സംഭവിക്കണമെങ്കിൽ ചില വിട്ടുവീഴ്ചകൾ കൂടി നടത്തേണ്ടി വരുമെന്നും മമത വ്യക്തമാക്കി.           

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കൂട്ടാതെ മൂന്നാം മുന്നണി രൂപീകരിക്കാനായിരുന്നു മമതയുടെ ആദ്യശ്രമം. എന്നാൽ കർണാടകയിൽ കോൺഗ്രസ് വൻ വിജയം നേടിയതോടെ മമത തീരുമാനം മാറ്റുകയും യുപിഎയുമായി സഹകരിച്ച് പ്രവർത്തിക്കാമെന്ന അനുകൂല നിലപാട് എടുക്കുകയും ചെയ്തു.

ബിജെപി സ്ഥാനാർഥിക്കെതിരെ പ്രതിപക്ഷം ഒറ്റ സ്ഥാനാർഥിയെ മാത്രം നിർത്തണമെന്ന നിതീഷ് കുമാറിന്റെ നിർദേശത്തോട് പല പാർട്ടികളും യോജിക്കുന്നുണ്ടെന്ന് ജെഡിയു നേതാവ് കെ.സി.ത്യാഗി അറിയിച്ചു. കേന്ദ്രത്തിലെ അധികാരം മാറ്റുന്നതിന് ജയപ്രകാശ് നാരായണൻ സമരം തുടങ്ങിയത് പട്നയിലാണ്. അതുകൊണ്ട് തന്നെ പ്രതിപക്ഷ പാർട്ടികളുടെ യോഗം അവിടെ വിളിച്ചു ചേർക്കണം. കോൺഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി രൂപീകരിക്കണമെന്ന  തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെയും നിലപാടിനും മാറ്റം വന്നിട്ടുണ്ടെന്ന് ത്യാഗി അറിയിച്ചു.