ഒതായി മനാഫ് വധക്കേസ്: ഒന്നാം പ്രതി ഷഫീഖ് മാലങ്ങാടന് ജീവപര്യന്തം
മലപ്പുറം ഒതായി മനാഫ് വധക്കേസിൽ ഒന്നാം പ്രതിയായ ഷഫീഖ് മാലങ്ങാടന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കൂടാതെ ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഈ പിഴത്തുക കൊല്ലപ്പെട്ട മനാഫിന്റെ സഹോദരിയും കേസിലെ രണ്ടാം സാക്ഷിയുമായ ഫാത്തിമയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. ഷഫീഖ്, പി.വി. അൻവറിന്റെ സഹോദരീപുത്രനാണ്. കേസിൽ പ്രതിയായിരുന്ന പി.വി. അൻവറിനെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തുടരുന്ന നിയമപോരാട്ടത്തിനൊടുവിലാണ് ഈ വിധി വന്നിരിക്കുന്നത്. കൊലക്കുറ്റം തെളിഞ്ഞതായി കണ്ടെത്തിയതിനെ തുടർന്നാണ് കോടതിയുടെ നടപടി. ഒന്നാം പ്രതിയായ ഷഫീഖ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും മറ്റ് മൂന്ന് പ്രതികളായ മാലങ്ങാടൻ ഷെരീഫ് (മൂന്നാം പ്രതി), നിലമ്പൂർ സ്വദേശി മുനീബ് (17-ാം പ്രതി), എളമരം സ്വദേശി കബീർ എന്ന ജാബിർ (19-ാം പ്രതി) എന്നിവരെ കോടതി വെറുതെ വിട്ടു. നേരത്തെ 21 പ്രതികളെ കേസിൽ കുറ്റവിമുക്തരാക്കിയിരുന്നു.
കേസിലെ നാല് പ്രതികൾ 25 വർഷത്തോളം ഒളിവിലായിരുന്നു. മനാഫിന്റെ സഹോദരൻ അബ്ദുൽ റസാഖ് നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഇവർ പിടിയിലായത്. രണ്ടാം പ്രതിയായിരുന്ന പി.വി. അൻവർ ഉൾപ്പെടെയുള്ള 21 പ്രതികളെയാണ് മുൻപ് കോടതി വെറുതെ വിട്ടത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനാഫിനെ 1995 ഏപ്രിൽ 13-നാണ് ഒതായി അങ്ങാടിയിൽ വെച്ച് അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്.