പി. സരിന്റെ റോഡ് ഷോ ; ''സരിൻ ബ്രോ'' എന്നെഴുതിയ പ്ലക്കാർഡുകളുമായി പ്രവർത്തകർ , ശക്തിപ്രകടനമാക്കി മാറ്റി ഇടതുമുന്നണി

 

 

പാലക്കാടിന്റെ പ്രചാരണച്ചൂടിലേക്ക് എൽഡിഎഫ്. ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി.സരിന്റെ റോഡ് ഷോയിൽ ആവേശത്തോടെ അണിനിരന്ന് ഇടതുമുന്നണി പ്രവർത്തകർ. ''സരിൻ ബ്രോ'' എന്നെഴുതിയ പ്ലക്കാർഡുകളുമേന്തിയാണ് പ്രവർത്തകർ റോഡ് ഷോയിൽ പങ്കെടുത്തത്. 


കോൺഗ്രസ് വിട്ടെത്തിയ പി സരിനെ സ്വീകരിക്കാൻ നേതാക്കൾക്ക് മാത്രമല്ല പ്രവർത്തകർക്കും ഒട്ടും മടിയില്ലെന്ന് റോഡ് ഷോയിൽ വ്യക്തം. പാലക്കാട്ട് പി. സരിന്റെ റോഡ് ഷോ ശക്തിപ്രകടനമാക്കി മാറ്റിയിരിക്കുകയാണ് ഇടതുമുന്നണി.  

ഇന്നലെ വരെ കോൺഗ്രസായിരുന്ന സരിനെ എങ്ങനെ സ്വീകരിക്കുമെന്ന ചോദ്യത്തിന് പ്രവർത്തകർക്ക് ഒരേയൊരു മറുപടി മാത്രം. ''സരിൻ എന്ന വ്യക്തിയല്ല, പ്രസ്ഥാനം മുന്നിൽ വെച്ച സ്ഥാനാർത്ഥിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ആ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ പ്രവർത്തിക്കും, വോട്ട് ചെയ്ത് വിജയിപ്പിക്കും''. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിപ്പോയ ഇടത് മുന്നണി ഇത്തവണ ഒന്നാം സ്ഥാനത്തേക്കെത്തുമെന്നും  ഇടതുമുന്നണി പ്രവർത്തകർ പറയുന്നു. ഇതുവരെയുമില്ലാത്ത രീതിയിലുളള പ്രചരണത്തിലേക്കാണ് സരിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലൂടെ തെരഞ്ഞെടുപ്പിൽ ആറെ ശ്രദ്ധനേടിയ പാലക്കാട് എത്തി നിൽക്കുന്നത്.