'കേസിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് പൊലീസ് പണം നൽകാൻ ശ്രമിച്ചു'; കൊൽക്കത്തിൽ കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്

 

കൊൽക്കത്തിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ കേസിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് പൊലീസ് പണം നൽകാൻ ശ്രമിച്ചതായി ആരോപണം. യുവ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ ശേഷം പ്രതിഷേധം നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. സമഗ്രമായ അന്വേഷണം നടത്താതെ കേസ് വേഗം അവസാനിപ്പിക്കാൻ പൊലീസ് ശ്രമിച്ചെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.

'തുടക്കത്തിൽ തന്നെ പൊലീസ് കേസ് ഒതുക്കി തീർക്കാനാണ് ശ്രമിച്ചത്. മൃതദേഹം കാണാൻ ഞങ്ങളെ അനുവദിച്ചില്ല. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊണ്ട് പോയപ്പോൾ ഞങ്ങൾ പൊലീസ് സ്റ്റേഷനിൽ കാത്തിരുന്നു. മൃതദേഹം കൈമാറിയ സമയത്ത് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പണം വാഗ്ദാനം ചെയ്തു. ഞങ്ങൾ അത് നിരസിച്ചു. മക്കൾക്ക് നീതി ലഭിക്കും വരെ പോരാടും', ഡോക്ടറുടെ പിതാവ് പറഞ്ഞു.

പ്രതിയായ സഞ്ജയ്ക്ക് കൊൽക്കത്ത പൊലീസിലെ ചില ഉന്നത ഉദ്യോഗസ്ഥരുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് ആരോപണം. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് മറച്ചുവയ്ക്കാൻ ലോക്കൽ പൊലീസിന്റെ ശ്രമം നടന്നതായി സിബിഐ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം കൊൽക്കത്ത പൊലീസിൽ നിന്ന് സിബിഐയ്ക്ക് കൈമാറാൻ കൊൽക്കത്ത ഹൈക്കോടതി ഓഗസ്റ്റ് 13നാണ് ഉത്തരവിട്ടത്.