ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യാന്‍ പാർലമെൻ്റിന് അധികാരമുണ്ട് ;   സുപ്രീംകോടതി
 

 

ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസവും മതേതരത്വവും ഉള്‍പ്പെടുത്തിയതിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.  ആമുഖം ഭേദഗതി ചെയ്യാന്‍ പാർലമെൻ്റിന് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.  1976ലെ 42–ാം ഭേദഗതി പ്രകാരം 'സോഷ്യലിസ്റ്റ്', 'സെക്യുലര്‍' എന്നീ വാക്കുകൾ ഉൾപ്പെടുത്തിയത് ചോദ്യം ചെയ്ത് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുള്‍പ്പെടെ നല്‍കിയ ഹര്‍ജികളാണ് തള്ളിയത്. 

ഒരുപാട് വർഷങ്ങൾ കഴിഞ്ഞിരിക്കെ എന്തിനാണ് ഇപ്പോൾ പ്രശ്നം ഉന്നയിക്കുന്നതെന്ന് ഹര്‍ജിക്കാരോട് ചീഫ് ജസ്റ്റിസ് ചോദിച്ചു.  ഇന്ത്യൻ സാഹചര്യത്തിൽ സോഷ്യലിസംകൊണ്ട് ക്ഷേമരാഷ്ട്രം എന്നാണ് അർത്ഥമാക്കുന്നത്.  മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്ന് എസ്.ആർ.ബൊമ്മൈ കേസിൽ വിധിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് വിശദീകരിച്ചു