യുഎസുമായുള്ള സമാധാന ചർച്ച: കടുത്ത നിലപാടിൽ ഇറാൻ; 'താത്കാലിക വെടിനിർത്തലിനില്ല'

 

പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള നയതന്ത്ര നീക്കങ്ങൾക്കിടയിൽ യുഎസിനോടും സമാധാന ചർച്ചകളോടും കടുത്ത നിലപാട് വ്യക്തമാക്കി ഇറാൻ. മുൻകാല കരാറുകൾ പരാജയപ്പെട്ട സാഹചര്യത്തിൽ, കേവലം താത്കാലികമായ ഒരു വെടിനിർത്തലിന് തങ്ങൾ തയ്യാറല്ലെന്ന് ഇറാൻ അറിയിച്ചു. യുദ്ധവും വെടിനിർത്തലും ചർച്ചകളും വീണ്ടും യുദ്ധവും എന്ന ആവർത്തിച്ചുവരുന്ന രീതി 'വളരെ മോശം അനുഭവമാണ്' നൽകിയിട്ടുള്ളതെന്ന് ഇറാൻ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ഇറാനിയൻ അംബാസഡർ ഡോ. മുഹമ്മദ് ഫതാലിയാണ് ഇറാന്റെ നയം വ്യക്തമാക്കിയത്. രാജ്യത്തിന്റെ ദീർഘകാല തന്ത്രപരമായ താൽപ്പര്യങ്ങൾ പരിഗണിക്കാതെ, താൽക്കാലികമായി സംഘർഷം കുറയ്ക്കുന്ന കരാറുകളിൽ ഏർപ്പെടാൻ താല്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുള്ള സാഹചര്യത്തിൽ മാത്രമേ നയതന്ത്ര ചർച്ചകൾക്ക് പ്രസക്തിയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് പോലുള്ള നിർണ്ണായക വിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ ഇറാൻ നിലവിൽ തയ്യാറല്ല.

അടിയന്തര വെടിനിർത്തലിനായി പാകിസ്താൻ മുന്നോട്ടുവെച്ച നിർദ്ദേശം ഇറാൻ പരിശോധിച്ചുവരികയാണ്. എന്നാൽ, സമയപരിധി നിശ്ചയിച്ചുള്ള സമ്മർദ്ദങ്ങൾക്ക് വഴങ്ങി ധൃതിപിടിച്ച് തീരുമാനമെടുക്കില്ലെന്ന് മുതിർന്ന ഇറാൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ ഇറാന്റെ ഊർജ്ജ, ഗതാഗത മേഖലകളെ ലക്ഷ്യം വെച്ച് വീണ്ടും ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമാധാന ശ്രമങ്ങൾ ഒരുവശത്ത് നടക്കുമ്പോഴും തിങ്കളാഴ്ചയും മേഖലയിൽ വ്യോമാക്രമണങ്ങൾ തുടരുന്നത് പ്രതിസന്ധി സങ്കീർണ്ണമാക്കുകയാണ്.