ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച് പെപ് ഗ്വാർഡിയോള
ഇതിഹാസ പരിശീലകനെന്ന പെരുമ സമ്പാദിച്ച സ്പാനിഷ് കോച്ച് പെപ് ഗ്വാർഡിയോളയുടെ വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് ഫുട്‌ബോൾ ലോകം ഒന്നടങ്കം. നിലവിൽ മാഞ്ചസ്റ്റർ സിറ്റി പരിശീലകനായി പ്രവർത്തിക്കുന്ന ഗ്വാർഡിയോള സിറ്റിയുമായുള്ള കരാർ അവസാനിച്ചാൽ ഫുട്‌ബോളിൽ നിന്നു ദീർഘകാലത്തേക്ക് ഇടവേളയെടുക്കുമെന്നു പ്രഖ്യാപിച്ചതാണ് ഫുട്‌ബോൾ ലോകത്തെ ചൂടൻ ചർച്ച. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗ്വാർഡിയോളയുടെ വെളിപ്പെടുത്തൽ. സിറ്റിയുമായി 2027 വരെയാണ് കരാറുള്ളത്. അതിനു ശേഷം ഇടവേളയെടുക്കുമെന്നാണ് പരിശീലകന്റെ പ്രഖ്യാപനം. ദീർഘനാളായി അനുഭവിക്കുന്ന മത്സരങ്ങളുടെ സമ്മർദ്ദത്തിൽ നിന്നു കുറച്ചു കാലം വിട്ടുനിൽക്കുകയാണ് തന്റെ ഉദ്ദേശമെന്നു ഗ്വാർഡിയോള പറയുന്നു.
'സിറ്റിയുമായുള്ള കരാർ അവസാനിച്ചാൽ ഞാൻ പരിശീലക ജോലിയിൽ നിന്നു വിട്ടുനിൽക്കും. അതുറപ്പിച്ചതാണ്. എത്ര കാലത്തേക്കാണ് നിർത്തുന്നത് എന്നു പറയാൻ ബുദ്ധിമുട്ടുണ്ട്. ചിലപ്പോൾ ഒരു വർഷം, ഇല്ലെങ്കിൽ 2, 3, 5, 10, 15 വർഷത്തേക്കായിരിക്കും വിട്ടുനിൽക്കുക. അറിയില്ല. ആഹ്ലാദം മുതൽ വിഷാദം വരെയുള്ള അവസ്ഥകളിലൂടെയാണ് കടന്നു പോകുന്നത്. രാത്രിയിൽ സമ്മർദ്ദമാണ്. പകൽ അതിലേറെയാണ്. എനിക്ക് എന്നെ തിരിച്ചു പിടിക്കേണ്ടതുണ്ട്. എന്റെ മനസിനേയും ശരീരത്തിനേയും. പരിശീലകനെന്ന നിലയിലുള്ള നിലവിലെ അവസ്ഥയെക്കുറിച്ച് ഞാൻ സ്വയം പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഈ വർഷം നാലോ അഞ്ചോ മാസമായി എല്ലാ എവേ സ്‌റ്റേഡിയങ്ങളിൽ നിന്നു നിങ്ങളെ ഉടൻ പിരിച്ചുവിടുമെന്ന ആക്രോശങ്ങൾ കേൾക്കുന്നുണ്ട്. 60,000ത്തോളം ആളുകൾ എന്നോട് ജോലി ഉപേക്ഷിക്കാൻ ആവശ്യപ്പെടുന്നു.'
'ഇക്കഴിഞ്ഞ സീസണിൽ സിറ്റിക്ക് കിരീടമൊന്നുമില്ല എന്നത് ശരിയാണ്. ടീമിന്റെ പ്രകടനം പക്ഷേ അത്ര മോശമായിരുന്നില്ല. ഞങ്ങൾ എഫ്എ കപ്പിന്റെ ഫൈനലിലെത്തി. പ്രീമിയർ ലീഗിൽ 12ാം സ്ഥാനമല്ല ടീമിന്, മൂന്നാം സ്ഥാനത്താണെന്നു ഓർക്കണം. വിജയങ്ങൾ ശീലമായപ്പോൾ എനിക്ക് വലിയ പ്രത്യേകതയൊന്നും തോന്നിയിട്ടില്ല. ഇപ്പോൾ ഞങ്ങൾക്ക് കിരീടമൊന്നുമില്ല. അതൊരു പരാജയമാണെന്ന തോന്നലും എനിക്കില്ല. പുതിയ സീസണിൽ ടീം മികവോടെ തിരിച്ചെത്തും'- ഗ്വാർഡിയോള വ്യക്തമാക്കി.
ബാഴ്‌സലോണ, ബയേൺ മ്യൂണിക്ക് ടീമുകളെ പരിശീലിപ്പിച്ച ശേഷമാണ് ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റി കോച്ചായി വന്നത്. 2016 മുതൽ സിറ്റി ഡഗൗട്ടിൽ ഗ്വാർഡിയോളയുണ്ട്. 18 കിരീടങ്ങൾ ടീമിനു സമ്മാനിച്ചു. ആറ് പ്രീമിയർ ലീഗ്, ചാംപ്യൻസ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ് കിരീട നേട്ടങ്ങൾ ഉൾപ്പെടെ ടീമിനു സമ്മാനിക്കാൻ പെപിനു സാധിച്ചു. എന്നാൽ കഴിഞ്ഞ സീസണിൽ അത്ര മികച്ച റെക്കോർഡല്ല ഗ്വാർഡിയോളയ്ക്കു കീഴിൽ സിറ്റിക്ക്. ഒരു ട്രോഫിയുമില്ലാതെ അവർക്ക് സീസൺ അവസാനിപ്പിക്കേണ്ടി വന്നു. എട്ട് വർഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു ഇത്തരമൊരു അവസ്ഥ ടീമിനു വന്നത്. പ്രീമിയർ ലീഗിൽ ടീം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ചാംപ്യൻസ് ലീഗ് ബർത്ത് ഉറപ്പിച്ചതു മാത്രമാണ് ആശ്വാസമായത്.
2008 മുതൽ 2012 വരെയാണ് ഗ്വാർഡിയോള ബാഴ്‌സലോണ പരിശീലകനായത്. മൂന്ന് ലാ ലിഗ, രണ്ട് സ്പാനിഷ് കപ്പ്, മൂന്ന് സ്പാനിഷ് സൂപ്പർ കപ്പ്, രണ്ട് ചാംപ്യൻസ് ലീഗ്, രണ്ട് യുവേഫ സൂപ്പർ കപ്പ്, രണ്ട് ഫിഫ ക്ലബ് ലോകകപ്പ് നേട്ടങ്ങൾ ബാഴ്‌സയ്ക്ക് സമ്മാനിച്ചാണ് പെപ് പടിയിറങ്ങിയത്. ബയേൺ മ്യൂണിക്കിനെ 2013 മുതൽ 16 വരെയാണ് അദ്ദേഹം പരിശീലിപ്പിച്ചത്. മൂന്ന് ബുണ്ടസ് ലീഗ, രണ്ട് ജർമൻ കപ്പ്, യുവേഫ സൂപ്പർ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് കിരീടങ്ങൾ ബയേണിനും അദ്ദേഹം സമ്മാനിച്ചു.