പതിനെട്ടാം പടിയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ട്; ഹർജി ഇന്ന് ഹൈക്കോടതി പരിശോധിക്കും

 

ശബരിമല തീര്‍ത്ഥാടനത്തിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കേരള ഹൈക്കോടതി ഇന്ന് വിശദമായി പരിശോധിക്കും. സന്നിധാനത്തടക്കമുള്ള മൊബൈല്‍ വീഡിയോ ചിത്രീകരണവും പതിനെട്ടാം പടിയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ടും ഭക്തരിൽ നിന്ന് അമിത വില ഈടാക്കുന്ന കടകൾക്കെതിരെയും ഇന്നലെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളിൽ ഇന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അതുകൊണ്ടുതന്നെ വിഷയങ്ങൾ വിശദമായി പരിശോധിക്കുമ്പോൾ കോടതിയുടെ ഭാഗത്ത് നിന്ന് എന്ത് നടപടിയാകും ഉണ്ടാകുക എന്നതാണ് അറിയേണ്ടത്.

ശബരിമലയിൽ ഭക്തരിൽ നിന്ന് അമിതമായി അനധികൃതമായി വില ഈടാക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഇന്നലെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് ഇതുസംബന്ധിച്ച നിര്‍ദേശം നൽകിയത്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഡ്യൂട്ടി മജിസ്ട്രേറ്റുകള്‍ക്കാണ് നിര്‍ദേശം നൽകിയത്. 

നിശ്ചിത ഇടവേളകളിൽ കടകളിൽ പരിശോധന നടത്തണം. അമിത വില ഈടാക്കുന്നത് കണ്ടെത്തിയാൽ കര്‍ശന നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പമ്പ - സന്നിധാനം പാതയിലെ കടകളിൽ പരിശോധന നടത്തണം. ഹോട്ടലുകൾ കേന്ദ്രീകരിച്ച് ചില പ്രശ്നങ്ങൾ സ്പെഷ്യൽ കമ്മീഷണർ സൂചിപ്പിച്ചതായും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് ദേവസ്വം ബോർഡിനോട് ഹൈക്കോടതി വിവരങ്ങൾ ആരാഞ്ഞശേഷമാണ് പരിശോധന സംബന്ധിച്ച നിര്‍ദേശം നൽകിയത്.