'മാധ്യമ പ്രവർത്തകർ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്, തങ്ങൾ വിമർശനാതീതരാണ് എന്ന ചിന്ത വളരുന്നുണ്ടോ എന്ന് വിലയിരുത്തണം'; മുഖ്യമന്ത്രി 

 

മാധ്യമ പ്രവർത്തകർ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പത്രപ്രവർത്തക യൂണിയൻ(കെ.യു.ഡബ്ല്യു.ജെ.) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വാർത്തകൾ ശരിയായി റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ ആദ്യം റിപ്പോർട്ട് ചെയ്യണം എന്നതാണ്. അക്ഷരത്തെറ്റുകളോ വ്യാകരണപ്പിശകോപോലും തിരുത്താനുള്ള സാവകാശം ഇല്ലാതെയാണ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്. ബ്രേക്കിങ് ന്യൂസ് സംസ്‌കാരം മാധ്യമങ്ങളെ കൂപ്പുകുത്തിക്കുന്നുണ്ടോ എന്ന കാര്യം മാധ്യമങ്ങൾ പരിശോധിക്കണം- മുഖ്യമന്ത്രി പറഞ്ഞു.

പത്രപ്രവർത്തനം സേവനമാണെന്നാണ് ഗാന്ധിജി പറഞ്ഞത്. ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് ആദ്യ മൂന്ന് തൂണുകളെക്കാൾ നാലാം തൂണായ മാധ്യമങ്ങൾക്ക് കഴിയണം. സമൂഹത്തെ പുനർനിർമിക്കാൻ കഴിയുന്നതും മാധ്യമങ്ങൾക്കാണ്. ഓരോ വാർത്തയേയും മാധ്യമങ്ങളും മാധ്യമപ്രവർത്തകരും എത്രത്തോളം ആഴത്തിലാണ് സമീപിക്കുന്നതെന്ന് പരിശോധിക്കണം. വാർത്തയുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നുണ്ടോ എന്നും വെറും കേട്ടെഴുത്ത് മാത്രമാക്കി പത്രപ്രവർത്തനം ചുരുങ്ങുന്നുണ്ടോ എന്നും വിലയിരുത്തണം. തങ്ങൾ വിമർശനാതീതരാണ് എന്ന ചിന്ത മാധ്യമപ്രവർത്തകർക്കിടയിൽ വളരുന്നുണ്ടോ എന്നത് വിലയിരുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വിമർശനങ്ങളെ വേട്ടയാടലുകളായി ചിത്രീകരിക്കാനുള്ള വ്യഗ്രതയുണ്ട്. എന്നാൽ, യഥാർത്ഥ വേട്ടയാടലുകളെ കാണാതെ തിമിരം ബാധിച്ച രീതിയിൽ ഇരിക്കുന്നുണ്ടോ എന്നും പരിശോധിക്കണം. ആരെ വിമർശിച്ചാലും തങ്ങൾ വിമർശിക്കപ്പെടുന്നില്ല എന്നും ആരെ വേട്ടയാടിയാലും തങ്ങൾ വേട്ടയാടപ്പെടുന്നില്ല എന്നുമുള്ള സങ്കുചിതമായ നിലപാടിലേക്ക് മാധ്യമപ്രവർത്തകർ കൂപ്പുകുത്തുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.