മലയാളിയുടെ വിയര്‍പ്പിന്റെയും കൂടി സാക്ഷാത്കാരമാണ് ഈ വിശ്വമാമാങ്കം;ഖത്തര്‍ ലോകകപ്പിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 


ഖത്തര്‍ ലോകകപ്പിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിലും മറ്റ് നിര്‍മ്മാണ പ്രവൃത്തികളിലും നമ്മുടെ പ്രവാസി സഹോദരങ്ങള്‍ പങ്കുചേര്‍ന്നിട്ടുണ്ട്. അവരുടെ വിയര്‍പ്പിന്റെയും കൂടി സാക്ഷാത്കാരമാണ് ഈ വിശ്വമാമാങ്കം എന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഖത്തറില്‍ അരങ്ങേറുന്ന ഫുട്ബോള്‍ ലോകകപ്പിന്റെ ആഘോഷത്തിലാണ് നാടാകെ. മലയാളികളുടെ ഫുട്ബോള്‍ പ്രേമം പ്രസിദ്ധമാണ്. പെലെ, മറഡോണ, പ്ലാറ്റിനി, ബെക്കന്‍ബോവര്‍ പോലുള്ള മഹാരഥന്മാരുടെ പ്രകടനങ്ങള്‍ കണ്ടു തളിര്‍ത്ത ആ ഫുട്ബോള്‍ ജ്വരം ഇന്ന് മെസ്സി, റൊണാള്‍ഡോ, നെയ്മര്‍ പോലുള്ള പ്രഗത്ഭരായ താരങ്ങളിലൂടെ ആകാശം മുട്ടെ വളര്‍ന്നിരിക്കുന്നു. കോഴിക്കോട് പുള്ളാവൂരില്‍ കുറുങ്ങാട്ട് കടവ് പുഴയ്ക്ക് കുറുകെ ഉയര്‍ത്തിയ ഭീമാകാരങ്ങളായ കട്ട് ഔട്ടുകള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. പൊതുവിടങ്ങളിലെല്ലാം ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടു പിടിക്കുകയാണ്. സൗഹൃദ മത്സരങ്ങളും ജാഥകളും തുടങ്ങിയ എണ്ണിയാല്‍ തീരാത്ത പരിപാടികള്‍ സംഘടിക്കപ്പെടുന്നു.- അദ്ദേഹം കുറിച്ചു.

ലോകകപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നുവെന്നത് മലയാളികളെ സംബന്ധിച്ച് ഏറെ ആവേശകരമായ കാര്യമാണ്. ധാരാളം മലയാളി പ്രവാസികളുള്ള രാജ്യമാണ് ഖത്തര്‍. ഇതുവഴി നമ്മുടെ ഫുട്ബോള്‍ പ്രേമികള്‍ക്ക് ലോകോത്തര ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനുള്ള സുവര്‍ണാവസരം വന്നു ചേര്‍ന്നിരിക്കുന്നു. ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിലും മറ്റ് നിര്‍മ്മാണ പ്രവൃത്തികളിലും നമ്മുടെ പ്രവാസി സഹോദരങ്ങള്‍ പങ്കുചേര്‍ന്നിട്ടുണ്ട്. അവരുടെ വിയര്‍പ്പിന്റെയും കൂടി സാക്ഷാത്കാരമാണ് ഈ വിശ്വമാമാങ്കം.ആ അര്‍ത്ഥത്തില്‍ കേരളത്തിന്റെ കൂടി ലോകകപ്പാണിത്. - അദ്ദേഹം പറഞ്ഞു.