പി.കെ. ശശിക്ക് 'കൈപ്പത്തി'; ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ് ചിഹ്നത്തിൽ മത്സരിക്കും

 

സിപിഎം വിട്ട മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ശശി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ 'കൈപ്പത്തി' ചിഹ്നത്തിൽ മത്സരിക്കും. ഒറ്റപ്പാലം മണ്ഡലത്തിൽ നിന്ന് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുമെന്നായിരുന്നു നേരത്തെയുള്ള കരുതിയിരുന്നതെങ്കിലും, കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനപ്രകാരം കൈപ്പത്തി ചിഹ്നം തന്നെ അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു.

സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുന്നത് പാർട്ടി വോട്ടുകൾ ഏകീകരിക്കുന്നതിന് തടസ്സമാകുമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നത് മണ്ഡലത്തിൽ മികച്ച മുന്നേറ്റം നടത്താൻ സഹായിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. ഇതോടെ ഇനിയുള്ള പ്രചാരണ ബോർഡുകളിലും ഫ്ലക്സുകളിലും സ്ഥാനാർത്ഥിയുടെ പേരിനൊപ്പം കൈപ്പത്തി ചിഹ്നവും ഇടംപിടിക്കും. നിലവിലെ ബോർഡുകളിൽ 'യുഡിഎഫ് സ്ഥാനാർത്ഥി' എന്ന് മാത്രമായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

സിപിഎം സംസ്ഥാന-ജില്ലാ സെക്രട്ടറിമാർക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചതിനെത്തുടർന്നാണ് പി.കെ. ശശിയെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. തുടർന്ന് യുഡിഎഫ് പാളയത്തിലെത്തിയ ശശിക്ക് ഒറ്റപ്പാലം സീറ്റ് നൽകാൻ മുന്നണി തീരുമാനിക്കുകയായിരുന്നു. പാലക്കാട് ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കുന്ന ഒന്നായിരിക്കും ശശിയുടെ ഈ സ്ഥാനാർത്ഥിത്വം.