പ്രധാനമന്ത്രി നാളെ തൃശൂരിൽ; നഗരം കനത്ത സുരക്ഷാ വലയത്തിൽ, ഗതാഗത നിയന്ത്രണം കർശനം
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തൃശൂരിലെത്തും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ ഞായറാഴ്ച കനത്ത സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയാണ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി സന്ദർശിക്കുന്ന മേഖലകളിൽ ഡ്രോൺ പറത്തുന്നതിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 11 മണി മുതൽ വൈകീട്ട് 6.30 വരെയാണ് നഗരത്തിൽ ഗതാഗത നിയന്ത്രണം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പൊതുജനങ്ങൾ സ്വകാര്യ വാഹനങ്ങളിൽ നഗരത്തിലേക്ക് എത്തുന്നത് ഒഴിവാക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. പ്രധാനമന്ത്രിയുടെ റോഡ് ഷോ അവസാനിക്കുന്നത് വരെ സ്വരാജ് റൗണ്ട്, സമീപ റോഡുകൾ, വടക്കുന്നാഥ ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ പാർക്കിംഗ് അനുവദിക്കില്ല. കുട്ടനെല്ലൂർ ഹെലിപാഡ് മുതൽ നടത്തറ, മണ്ണുത്തി, തൃശൂർ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ നിർത്താൻ പാടില്ല. മുനിസിപ്പൽ ഓഫീസ് റോഡ്, കുറുപ്പം റോഡ്, നടുവിലാൽ, ഷൊർണൂർ റോഡ്, പ്രസ് ക്ലബ് റോഡ് എന്നിവ വഴി മാത്രമായിരിക്കും പൊതുജനങ്ങൾക്ക് പ്രവേശനം. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പേന, ബാഗ്, വെള്ളക്കുപ്പികൾ തുടങ്ങിയവ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിപ്പിക്കില്ല.
തൃശൂരിലെയും പാലക്കാട്ടെയും പരിപാടികൾക്ക് ശേഷം ഏപ്രിൽ നാലിന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തും. പാലാ മണ്ഡലത്തിലെ പൊതുയോഗത്തിലും തിരുവനന്തപുരത്തെ റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും. നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചായിരിക്കും തിരുവനന്തപുരത്തെ റോഡ് ഷോ നടക്കുക.
English Slug: PM Narendra Modi to visit Thrissur for election campaign; tight security and traffic diversions in place.